തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്ന കാര്യം ഇപ്പോള്‍ ഏതാണ്ടെല്ലാവര്‍ക്കും ഉറപ്പാണ്: കെ സുരേന്ദ്രൻ

single-img
8 October 2023

ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയ്ക്ക് തൃശൂരില്‍ മത്സരിക്കാന്‍ അരങ്ങൊരുക്കുകയാണ് കേന്ദ്ര ഏജൻസിയായ ഇ ഡി ചെയ്യുന്നതെന്ന മുൻ മന്ത്രിയും എംഎൽഎയുമായ എ സി മൊയ്തീന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മന്ത്രിയായിരുന്ന കാലഘട്ടത്തിൽ ചെയ്ത കൊള്ളരുതായ്മകള്‍ വെളിച്ചത്തുവരാതിരിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണ് സുരേഷ് ഗോപിക്കെതിരെയുള്ള മൊയ്തീന്റെ പ്രസ്താവനയെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

അതേപോലെ തന്നെ സുരേഷ് ഗോപിയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ളത് മൊയ്തീന്റെ വ്യാമോഹം മാത്രമാണെന്നും സുരേന്ദ്രന്‍ വാർത്താസമ്മേളനത്തിൽ‌ പറഞ്ഞു.

കെ സുരേന്ദ്രന്റെ വാക്കുകൾ: ‘സുരേഷ് ഗോപിയ്ക്കുവേണ്ടി എന്തിനാണ് ഇ ഡി കളമൊരുക്കുന്നത്? സുരേഷ് ഗോപി 2019 ല്‍ മത്സരിച്ചത് ഇ ഡി കളമൊരുക്കിയിട്ടാണോ? സുരേഷ് ഗോപി രാജ്യസഭാംഗമായത് ഇഡി കളമൊരുക്കിയിട്ടാണോ? സുരേഷ് ഗോപിയ്ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നത് ആരെങ്കിലും കളമൊരുക്കിയിട്ടാണോ? തെറ്റുകള്‍ മറച്ചുവെയ്ക്കാന്‍ മറ്റുചിലയാളുകളെ മുന്നില്‍ നിര്‍ത്തി രക്ഷപ്പെടാമെന്നാണ് മൊയ്തീന്‍ വിചാരിക്കുന്നത്. പക്ഷെ മൊയ്തീന്‍ ഇതില്‍ രക്ഷപ്പെടാന്‍ പോകുന്നില്ല.

ഈ കള്ളത്തരത്തിനെല്ലാം കൂട്ടുനിന്നത് മൊയ്തീനാണ്. മൊയ്തീനും മൊയ്തീന്റെ ബിനാമികളും മൊയ്തീന്റെ ബന്ധുക്കളും ചേര്‍ന്നാണ് കരുവന്നൂരില്‍ വലിയ കൊള്ള നടത്തിയത്. സതീശന്‍ നടത്തിയ കൊള്ളയിലും അരവിന്ദാക്ഷന്‍ നടത്തിയ കൊള്ളയിലും മൊയ്തീന്റെ പങ്ക് വളരെ വ്യക്തമാണ്. കറുത്ത കൈകളാണ് മൊയ്തീന്റേത്. അത് സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് വെളുപ്പിക്കാന്‍ നോക്കണ്ട’

‘മൊയ്തീനെപ്പോലെ ഒരഴിമതിക്കാരന്‍ എന്തെല്ലാം കൊള്ളരുതായ്മകള്‍ ചെയ്തിരുന്നോ അതൊക്കെയാണ് ഇപ്പോള്‍ വെളിച്ചത്തുവരുന്നത്. അതുകൊണ്ട് സുരേഷ് ഗോപിയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ളത് മൊയ്തീന്റെ ഒരു വ്യാമോഹം മാത്രമാണ്. ഇ ഡിയെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന് പറയുന്നത് വല്ലാത്ത കണ്ടുപിടിത്തമാണ്. സുരേഷ് ഗോപി ജയിക്കുമെന്ന കാര്യം ഇപ്പോള്‍ ഏതാണ്ടെല്ലാവര്‍ക്കും ഉറപ്പാണ്.

അതുകൊണ്ട് ഇ ഡി വന്നതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത് എന്നുവരുത്തിത്തീര്‍ക്കാന്‍ മുന്‍കൂട്ടി പറയുന്നതാണിത്. ഈ രാജ്യത്തിലെ ജനങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ക്ക് എ സി മൊയ്തീനേയും അറിയാം സുരേഷ് ഗോപിയോയും അറിയാം. സുരേഷ് ഗോപി വിചാരിക്കുന്ന വഴികളിലാണ് തൃശൂരില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. അതിലുള്ള വെപ്രാളമാണ് ഇപ്പോള്‍ അവര്‍ പഞ്ഞുകൊണ്ടിരിക്കുന്നത്’