‘ആടുജീവിതം’ ഫോണിൽ പകർത്തിയതായി ആരോപണം; ഒരാൾ കസ്റ്റഡിയിൽ

single-img
29 March 2024

പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിലൊരുങ്ങിയ സിനിമ ‘ആടുജീവിതം’ തിയേറ്ററിൽ നിന്ന് ഫോണിൽ പകർത്തിയെന്നാരോപിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂരിലുള്ള സീ സിനിമാസ് തിയേറ്റർ ഉടമയുടെ പരാതിയിലാണ് പോലീസ് ഈ വ്യക്തിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

സിനിമയുടെ പ്രദർശനത്തിടെ മൊബൈൽ ഫോണിൽ ചിത്രം റെക്കോർഡ് ചെയ്തു എന്നാണ് ആരോപണം. പക്ഷെ താൻ താൻ വീഡിയോ കാൾ ചെയ്യുകയായിരുന്നു എന്നാണ് കസ്റ്റഡിയിൽ ഉള്ളയാൾ മൊഴി പൊലീസിന് നൽകിയത്. കസ്റ്റഡിയിൽ എടുത്തയാളുടെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ കാണുന്നില്ലെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്.

ഫോൺ കൂടുതൽ വിശദ പരിശോധനക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം ,ആടുജീവിതത്തിന്റെ വ്യാജപതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്. കാനഡയിൽ നിന്നാണ് വ്യാജപതിപ്പുകൾ പ്രചരിക്കുന്നത്. ഈ സംഭവത്തിൽ എറണാകുളം സൈബർ സെല്ലിന് സംവിധായകൻ ബ്ലെസി പരാതി നൽകിയിരുന്നു.