രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും ബിജെപിയുടെ നയങ്ങൾക്കെതിരെ ചിന്തിക്കുന്ന എല്ലാ ജനങ്ങളും ഒന്നിക്കണം: പ്രിയങ്കാ ഗാന്ധി

single-img
26 February 2023

റായ്പൂരിലെ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ രാജ്യത്തെ പ്രതിപക്ഷ ഐക്യത്തിന് പ്രിയങ്കാ ഗാന്ധി. ബിജെപിയെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നാണ് ആഹ്വാനം. ‘കർഷകരുടെ ഭൂമി മോദി സുഹൃത്തിന് നൽകി. തെരഞ്ഞെടുപ്പിലൂടെ ഇതിനെതിരെ പ്രതികരിക്കണം. കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതിനെതിരെ ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കണം’. പ്രിയങ്ക പറഞ്ഞു.

‘ഇനി കേവലം ഒരു വർഷം മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. പ്രതിപക്ഷ ഐക്യമാണ് തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടത്. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒപ്പം ബിജെപിയുടെ നയങ്ങൾക്കെതിരെ ചിന്തിക്കുന്ന എല്ലാ ജനങ്ങളും ഒന്നിക്കണം. എല്ലാവരിലും പ്രതീക്ഷയുണ്ടെങ്കിലും കോൺഗ്രസിൽ നിന്നാണ് കൂടുതൽ പ്രതീക്ഷിക്കുന്നത്’. – പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.

കോൺഗ്രസ് പാർട്ടിയുടെ സന്ദേശവും സർക്കാരിന്റെ പരാജയങ്ങളും സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിക്കണം. പാർട്ടിക്ക് വേണ്ടി കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന പോരാട്ടത്തെ അഭിനന്ദിക്കുന്നു. ബിജെപിയെ നേരിടാൻ നിങ്ങൾക്ക് ധൈര്യമുണ്ടെന്നറിയാം. നമ്മുടെ രാജ്യത്തിന് വേണ്ടി ആ ധൈര്യം പ്രകടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’. പ്രിയങ്കാ ഗാന്ധി പറഞ്ഞു.