ലോകത്തിലെ ഉയര്‍ന്നു വരുന്ന കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടം നേടി ആകാശ് അംബാനി

single-img
2 October 2022

ന്യൂഡല്‍ഹി: ലോകത്തിലെ ഉയര്‍ന്നു വരുന്ന കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടം നേടി ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമായ ആകാശ് അംബാനി.

ടൈം100 നെക്സ്റ്റിന്‍റെ പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യക്കാരനാണ് അദ്ദേഹം.

ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ബിസിനസ് വ്യവസായി അമ്രപാലി ഗാനും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അംബാനി കുടുംബത്തിന്‍റെ പിന്‍ഗാമിയായി വളര്‍ന്നുവരുന്ന ആകാശ് അംബാനി അദ്ദേഹത്തിന്‍റെ കഠിനാധ്വാനത്തിലൂടെ ബിസിനസില്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൈമിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിസിനസ്, വിനോദം, കായികം, രാഷ്ട്രീയം, ആരോഗ്യം, ശാസ്ത്രം, ആക്ടിവിസം എന്നിവയുടെ ഭാവി നിര്‍ണയിക്കാന്‍ സാധ്യതയുള്ള വളര്‍ന്നു വരുന്ന 100-ഓളം നേതാക്കളുടെ പട്ടികയാണ് ടൈം പുറത്തിറക്കിയത്. അമേരിക്കന്‍ ഗായിക എസ്‌.ഇസഡ്‌.എ, നടി സിഡ്‌നി സ്വീനി, ബാസ്‌ക്കറ്റ്‌ബോള്‍ താരം ജാ മൊറന്റ്, സ്പാനിഷ് ടെന്നീസ് താരം കാര്‍ലോസ് അല്‍കാരാസ്, നടനും ടെലിവിഷന്‍ താരവുമായ കെ.കെ. പാമര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഫാര്‍വിസ ഫര്‍ഹാന്‍ എന്നിവരാണ് പട്ടികയിലെ മുന്‍നിരക്കാര്‍.

2022 ജൂണ്‍ 30നാണ് 426 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്ബനിയായ ജിയോയുടെ ചെയര്‍മാനായി ആകാശ് അംബാനിക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. ഗൂഗ്ളില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ലഭിക്കുന്നതില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.