നല്ല വേഷങ്ങള്‍ ലഭിക്കാന്‍ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടു; കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി അതിഥി

single-img
23 June 2023

തമിഴ്, തെലുങ്ക്, മലയാളം എന്നീ തെന്നിന്ത്യൻ ഭാഷകൾക്ക് പുറമെ ഹിന്ദിയിലും തിളങ്ങി നിൽക്കുന്ന താരമാണ് അതിഥി റാവു ഹൈദരി. മമ്മൂട്ടി നായകനായ രഞ്ജിത്ത് ഒരുക്കിയ പ്രജാപതിക്കു ശേഷം 2020 ൽ സൂഫിയും സുജാതയിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരികെ എത്തിയിരുന്നു.

തമിഴിൽ മണിരത്‌നത്തിന്റെ കാട്രു വെളിയിതെ, ചെക്കാ ചിവന്ത വാനം എന്നീ സിനിമകളിലെ നായിക വേഷം അതിഥിയുടെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളായിരുന്നു. എന്നാൽ, സിനിമയിൽ അതിഥിയുടെ കരിയറിന്റെ തുടക്കം അത്ര സുഖകരമായ ഒന്നായിരുന്നില്ല. ഭോരിഭാഗം പേരെയും പോലെ വെല്ലുവിളികളും പ്രതിസന്ധികളും അതിഥിയ്ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് അനുഭവവും അതിഥിയ്ക്ക് അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ സണ്‍ഡേ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഒരു അനുഭവം അതിഥി പങ്കുവെച്ചിരുന്നു.

സിനിമകളിൽ നല്ല വേഷങ്ങള്‍ ലഭിക്കാന്‍ കിടക്ക പങ്കിടണമെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്നും അത് നിരസിച്ചപ്പോള്‍ തനിക്കെതിരെ ചിലര്‍ തിരിഞ്ഞുവെന്നുമാണ് അതിഥി അഭിമുഖത്തില്‍ പറഞ്ഞത്.
”എല്ലാ ഇന്‍ഡസ്ട്രിയിലുമുള്ള അധികാരദുര്‍വിനിയോഗത്തെക്കുറിച്ച് ഞാന്‍ എന്നും സംസാരിക്കും. എന്നാൽ വ്യക്തിപരമായി ഞാന്‍ പേരുകള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്റെ തീരുമാനമെടുത്തു. അതൊരു ഉറച്ച തീരുമാനമാണ്.

എങ്ങനെയാണ് ഒരാള്‍ക്ക് എന്നോട് അങ്ങനെ സംസാരിക്കാന്‍ ധൈര്യം വന്നത്? അതിന് ശേഷം എട്ട് മാസത്തേക്ക് എനിക്ക് സിനിമയൊന്നും വന്നില്ല. പക്ഷെ ആ തീരുമാനം എന്നെ കരുത്തയാക്കുകയും എനിക്ക് വേണ്ടത് എന്താണെന്ന് ബോധ്യപ്പെടുകയും ചെയ്തു. 2013 എനിക്ക് പ്രയാസമേറിയ വര്‍ഷമായിരുന്നു. എന്റെ അച്ഛനെ നഷ്ടമായ വര്‍ഷം കൂടിയാണ്. പക്ഷെ 2014 മുതല്‍ എല്ലാം ശരിയായി തുടങ്ങി. ചിലപ്പോള്‍ നമ്മള്‍ക്ക് ഒരു പ്രതിസന്ധി നേരിടുകയും അതിനെ മറികടക്കുകയും വേണ്ടി വരും. അങ്ങനെയാണ് എനിക്ക് തോന്നുന്നത്” അതിഥി പറഞ്ഞു.