ഭാര്യയെയും മകനെയും ആസിഡ് ആക്രമണം; 52 കാരന് 12 വര്‍ഷം തടവ് ശിക്ഷ

single-img
21 December 2022

ബറേലി: ഭാര്യയെയും മകനെയും ആസിഡ് ആക്രമണം നടത്തിയ കേസില്‍ 52 കാരന് 12 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2016ലാണ് സംഭവം.

രൂപ് കിഷോര്‍ എന്നയാളാണ് ഭാര്യ മായാ ദേവിക്കും മകന്‍ സൂരജ് പാലിനുമെതിരെ ആസിഡ് ആക്രമണം നടത്തിയത്. കൂടാതെ കത്തികൊണ്ട് ഇവരെ പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാള്‍ മകനെയും ഭാര്യയെയും ആക്രമിച്ചത്. ആസിഡ് ആക്രമണത്തില്‍ മായാദേവിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. മകന് പൊളളലേല്‍ക്കുകയും ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു.

ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൂടാതെ 25000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് കിഷോര്‍ ആസിഡ് കുപ്പി എടുത്ത് ഭാര്യയുടെ മുഖത്തെറിഞ്ഞത്. അന്ന് 19 വയസ്സുള്ള സൂരജ് അമ്മയെ രക്ഷിക്കാനെത്തിയതാണ്. സൂരജും ആക്രമണത്തിനിരയായി.

കിഷോറിനെ പിന്നീട് പോലീസിന് കൈമാറുകയും ഇയാള്‍ക്കെതിരെ ബിസൗലി പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഐപിസി സെക്ഷന്‍ 326 എ, ആം ആക്റ്റ് സെക്ഷന്‍ 3/25 എന്നിവ പ്രകാരമാണ് കേസെടുത്തത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടത്തി 12 വര്‍ഷത്തെ തടവുശിക്ഷക്കും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഈടാക്കുന്ന തുക അമ്മക്കും മകനും നല്‍കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.