ഹരിതകര്‍മ സേനാംഗങ്ങള്‍ ശേഖരിച്ചെത്തിക്കുന്ന മാലിന്യം കൂടിക്കിടക്കുന്നത് ഭീഷണിയായി മാറുന്നു

single-img
28 September 2022

അഞ്ചല്‍: ഇടമുളയ്ക്കല്‍ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും ഹരിതകര്‍മ സേനാംഗങ്ങള്‍ ശേഖരിച്ചെത്തിക്കുന്ന മാലിന്യം കൂടിക്കിടക്കുന്നത് പരിസരത്തെ താമസക്കാര്‍ക്ക് ഭീഷണിയായി മാറുന്നു.

ആയൂര്‍ ഗവ. ജവഹര്‍ സ്കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന് കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്ബാരത്തിനിടയില്‍ ഇഴജന്തുക്കളും മറ്റും താവളമാക്കിയിരിക്കുകയാണ്.

കൂടാതെ ഭക്ഷ്യാവശിഷ്ടങ്ങളും മറ്റും തിന്നുന്നതിന് വേണ്ടി തെരുവുനായ്ക്കളും കൂട്ടമായെത്തുന്നതും പറവകളും മറ്റും ഭക്ഷണാവശിഷ്ടങ്ങള്‍ കൊത്തിവലിച്ച്‌ പുരപ്പുറങ്ങളിലും കുടിവെള്ളക്കിണറുകളിലും മറ്റ് ജലാശയങ്ങളിലും കൊണ്ടിടുന്നതും നാട്ടുകാര്‍ക്ക് ഏറെ ബുദ്ധിമുട്ടായി.

ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ പതിമൂന്ന് വാര്‍ഡുകളില്‍ നിന്നായി ഹരിതകര്‍മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യം മുഴുവനും ഇവിടെയാണ് കൂട്ടിയിടുന്നത്. മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച്‌ നീക്കംചെയ്യാനുള്ള പദ്ധതി നടപ്പാക്കാന്‍ പഞ്ചായത്തധികൃതര്‍ തയാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.