വിജയ് സേതുപതി നായകനായെത്തുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ അപകടം; സ്റ്റണ്ട് മാന്‍ മരിച്ചു

single-img
6 December 2022

ചെന്നൈ: വിജയ് സേതുപതി നായകനായെത്തുന്ന വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ‘വിടുതലൈ’ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാന്‍ മരിച്ചു.

ചെന്നൈയ്ക്ക് സമീപം ഉണ്ടായ അപകടത്തിലാണ് ഫൈറ്റിങ് പരിശീലകനായ സുരേഷ് ആണ് മരിച്ചത്. 54 വയസായിരുന്നു.

ക്രെയിനിന്റെ ഇരുമ്ബ് വടം പൊട്ടിയുണ്ടായ അപകടത്തില്‍ സുരേഷ് 20 അടി ഉയരത്തില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ സുരേഷിന്റെ കഴുത്ത് ഒടിഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തീവണ്ടി അപകട ദൃശ്യം ചിത്രീകരിക്കുന്നതിന് ഇടയിലാണ് അപകടം നടന്നത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു.

ജയമോഹന്റെ ‘തുണൈവന്‍’ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വെട്രിമാരന്റെതാണ് തിരക്കഥ. രണ്ടുവര്‍ഷമായി സിനിമയുടെ ചിത്രീകരണം തുടരുകയാണ്. സൂരി, ഗൗതം വസുദേവ് മേനോന്‍, പ്രകാശ് രാജ്, രാജീവ് മേനോന്‍, ഭവാനി ശ്രീ, ചേതന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍എസ് ഇര്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദര്‍ശനത്തിനെത്തുക. ആദ്യ ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്.

2020 ഫെബ്രുവരിയില്‍, കമല്‍ഹാസന്റെ ഇന്ത്യന്‍ 2വിന്റെ സെറ്റില്‍ ക്രെയിന്‍ വീണ് മൂന്ന് സാങ്കേതിക വിദഗ്ധര്‍ മരിച്ചിരുന്നു സംഭവത്തെത്തുടര്‍ന്ന്, നിര്‍ത്തിവച്ച ഷൂട്ടിങ് ഈ സെപ്റ്റംബറില്‍ പുനരാരംഭിച്ചു. ഇന്ത്യന്‍ സിനിമയുടെ സെറ്റിലെ അപകടത്തില്‍ മരിച്ചവര്‍ക്ക് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരു കോടി രൂപവീതം നല്‍കിയിരുന്നു.