രാഹുല്‍ ഗാന്ധിക്ക് ദില്ലിയില്‍ തന്നെ വീട് രജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ സന്നദ്ധത അറിയിച്ച്‌ സേവാദള്‍ വനിതാ നേതാവ് രംഗത്തെത്തി

single-img
1 April 2023

അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് ഔദ്യോഗിക വസതി ഒഴിയേണ്ടി വന്ന കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദില്ലിയില്‍ തന്നെ വീട് രജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ സന്നദ്ധത അറിയിച്ച്‌ സേവാദള്‍ വനിതാ നേതാവ് രംഗത്തെത്തി.

ദില്ലി മംഗോള്‍പുരിയിലെ വീട് രാഹുല്‍ ഗാന്ധിക്ക് നല്‍കുമെന്നാണ് രാജ്‌കുമാരി ഗുപ്ത വ്യക്തമാക്കിയത്. രജിസ്ട്രേഷന്‍ നടപടികളോട് സഹകരിക്കണമെന്നഭ്യര്‍ത്ഥിച്ച്‌ രാഹുല്‍ ഗാന്ധിയെ കാണുമെന്നും ഇവര്‍ വ്യക്തമാക്കി.

രാഹുല്‍ഗാന്ധി 2004 ല്‍ ആദ്യം എംപിയായതു മുതല്‍ താമസിക്കുന്നത് തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്ബര്‍ വസതിയിലാണ്. എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാന്‍ ലോക്സഭാ സെക്രട്ടേറിയേറ്റ് രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. ഒരുമാസത്തിനകം ഒഴിയണമെന്നാണ് നിര്‍ദേശം. കത്തിന് മറുപടിയായായി നിര്‍ദേശം അനുസരിക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജനങ്ങളുടെ വിധിയെഴുത്തനുസരിച്ചാണ് ഈ വസതിയില്‍ കഴിഞ്ഞതെന്നും, സന്തോഷ പൂര്‍ണമായ ഓര്‍മകളാണ് തനിക്കുള്ളതെന്നും രാഹുല്‍ നല്‍കിയ മറുപടിയിലുണ്ട്.

ലോക്സഭാ സെക്രട്ടേറിയേറ്റ് കത്ത് നല്‍കിയതിന് പിന്നാലെയാണ് രാഹുലിന്റെ സുരക്ഷ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നത്. നിലവില്‍ സിആര്‍പിഎഫിനാണ് രാഹുലിന്റെ സുരക്ഷാ ചുമതല. പുതിയ വസതിയുടെ സാഹചര്യം പരിശോധിച്ച്‌ സുരക്ഷാ ക്രമീകരണങ്ങള്‍ അവിടെയൊരുക്കുന്നത് യോഗം വിലയിരുത്തും. 2019 ലാണ് രാഹുലിന്റെയും സോണിയയുടെയും പ്രിയങ്കയുടെയും എസ്പിജി സുരക്ഷ പിന്‍വലിച്ച്‌ കേന്ദ്രം സിആര്‍പിഎഫ് സുരക്ഷയാക്കിയത്.