ഒരു മുതിര്‍ന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥ തന്നെ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുന്നു; ഈ നാട്ടില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് മല്ലിക സുകുമാരന്‍

കേരളത്തിലെ സമകാലിക സംഭവ വികാസങ്ങളില്‍ പ്രതികരണവുമായി നടി മല്ലിക സുകുമാരന്‍. മുണ്ടത്തിക്കോട് അപകടത്തില്‍ തിരിച്ചറിയാനാവാത്ത വിധം മരിച്ചവരില്‍ ആരൊക്കെ ഏതൊക്കെ മതത്തിലുള്ളവരാണെന്നു പറയാന്‍ കഴിയുമോയെന്നും മരണത്തിന് ജാതിയും മതവുമില്ലെന്നും മല്ലിക സുകുമാരന്‍ പറയുന്നു.
ഒരു മുതിര്‍ന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥ തന്നെ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുന്നു. ഈ നാട്ടില്‍ എന്തൊക്കെയാണ് നടക്കുന്നതെന്നും മല്ലിക സുകുമാരന്‍ ചോദിക്കുന്നു
മല്ലിക സുകുമാരന്റെ സോഷ്യല്‍ മീഡിയ കുറിപ്പ്:
‘കേരളം എന്ന് കേട്ടാലോ’… അഭിവന്ദ്യരായ ഭരണ സാരഥികളെ… ഒന്നു ചോദിച്ചോട്ടെ?
തൃശൂര്‍ മുണ്ടത്തിക്കോട് വെടിമരുന്ന് നിര്‍മ്മാണ ശാലയില്‍ ഉണ്ടായ അപകടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം 32 ശരീരഭാഗങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു എന്നാണ് കണക്കുകള്‍. ഇതില്‍ എത്ര ഹിന്ദുക്കള്‍, എത്ര ക്രിസ്ത്യാനികള്‍, എത്ര മുസ്ലിം വിശ്വാസികള്‍ ഉണ്ട് എന്ന ചോദ്യത്തിനുത്തരം ആര് പറയും?
ജാതി മത രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി, ബെല്ലും ബ്രേക്കും ഇല്ലാതെ വാചക കസര്‍ത്ത് നടത്തി തെരുവിലൂടെ ചവിട്ടു നാടകം കളിക്കുന്നവരോടും, ഉച്ചഭാഷിണിയിലൂടെയും എന്തിനേറെ കോളേജിന്റെ തലപ്പത്തിരിക്കുന്ന പ്രഥമ അധ്യാപകര്‍ പോലും കാണിക്കുന്ന വിരോധാഭാസങ്ങള്‍… ഇതിനൊക്കെ ഒന്നേ പറയാനുള്ളൂ. ദൈവം തമ്പുരാനു പോലും ക്ഷമിക്കുന്നതിന് ഒരു പരിധിയുണ്ട്. ഇത്രയൊക്കെയുള്ളൂ നമ്മള്‍ മനുഷ്യരുടെ വില. സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് പരിമിതികള്‍ ഒരുപാട് ഉണ്ട്.
മനസ്സമാധാനമായി അന്തിയുറങ്ങാന്‍ കെട്ടുറപ്പുള്ള ഒരു ചെറിയ വീട്. തന്റെ കുഞ്ഞുങ്ങള്‍ക്ക് സാമാന്യ വിദ്യാഭ്യാസം നല്‍കി ഒരു ജീവിതമാര്‍ഗം ഉണ്ടാവാന്‍ പ്രാപ്തരാക്കുക, വീട് പണയം വെക്കാതെ, സത്യസന്ധമായി, നല്ല ചികിത്സ ലഭിക്കുന്ന ആതുരാലയങ്ങള്‍ ഉണ്ടാവുക, അനുവദിച്ച റേഷന്‍, കരിച്ചന്തക്കാര്‍ കൊണ്ടുപോകാതെ കൃത്യമായി കാര്‍ഡുടമകള്‍ക്ക് ലഭിക്കുക. ഇതൊക്കെ ധാരാളം… അവര്‍ക്ക് ഇതിനൊക്കെ സഹായമായി നില്‍ക്കുന്നവര്‍ക്ക് ഐഎഎസും ഐഎഫ്എസും ഐപിഎസുമൊന്നും വേണമെന്നില്ല.
നേതാവോ എംഎല്‍എയോ മന്ത്രിയോ ആകണമെന്നില്ല. സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുപരി ഒരു നല്ല മനസ്സും അല്പം മനുഷ്യത്വവും മതി. റോഡ് എന്റേതാണെന്ന് പറയുന്ന കൗണ്‍സിലര്‍, എന്റെ രൂപത്തെ, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അധിക്ഷേപിച്ചു എന്ന് പറഞ്ഞു മീഡിയയുടെ മുന്‍പില്‍ കരയുന്ന ധൈര്യശാലിയായ കമ്മ്യൂണിസ്റ്റ് സഹയാത്രികയായ എംഎല്‍എ, ഇടതുപക്ഷം അല്ലാതെ സ്വര്‍ണ്ണം ആര് മോഷ്ടിക്കാന്‍ എന്ന് ചോദിച്ച അതേ നേതാവ് തന്നെ തന്റെ മകന്‍ യാത്ര ചെയ്തത് ഒരു സഖാവിന്റെ പുത്രന്റെ കൂടെ എന്ന് പറഞ്ഞ വെളിപ്പെടുത്തല്‍. അവസാനം ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയായി, സേവനം അനുഷ്ഠിച്ച വ്യക്തി തന്നെ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുക! എന്തോക്കെയാണ് ഈ നാട്ടില്‍ നടക്കുന്നത്?
സിന്ധു രാജനോട് സ്‌നേഹത്തോടെ ഒരു ഓര്‍മ്മപ്പെടുത്തല്‍. ഈ ഭൂമിയിലെ സകല ചരാചരങ്ങള്‍ക്കും തികച്ചും സൗജന്യമായി ദൈവം തമ്പുരാന്‍ ഒരു വിലപ്പെട്ട സാധനം നല്‍കുന്നുണ്ട്, ‘ വായു’. നാളെ മുതല്‍ മുന്‍കൂര്‍ കാശ് അടക്കുന്നവര്‍ക്ക് മാത്രമേ അത് ലഭ്യമാക്കുന്നുള്ളൂ എന്നൊരു തീരുമാനം അദ്ദേഹം എടുത്താല്‍, സിന്ധുവും ഞാനും അടക്കം ഉള്ളവരുടെ അവസ്ഥ എന്താകും സഹോദരി! തിരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ പെട്ടെന്നുണ്ടായ ഒരു വൈകാരിക പ്രകടനത്തിനിടയില്‍ പറഞ്ഞു പോയ ഒരബദ്ധമായി കാണണമെന്നും അതില്‍ തനിക്ക് ഖേദമുണ്ടെന്നും ശോഭയോ സിന്ധുവോ പറഞ്ഞിരുന്നുവെങ്കില്‍ അത് നിങ്ങള്‍ക്ക് മാത്രമല്ല, പാര്‍ട്ടിക്കും അതൊരു സല്‍പ്പേരാവില്ലേ?
പകരം ‘അരി എത്ര എന്ന് ചോദിക്കുമ്പോള്‍, പയറഞ്ഞാഴി’ എന്നല്ല ഉത്തരം. പറഞ്ഞു പഴകിയ പീഡനക്കഥക്ക് അവിടെ എന്തു പ്രസക്തി? ഏതായാലും എല്ലാ നേതാക്കന്മാരും തങ്ങളുടെ ചില സഹയാത്രികരെ കുറച്ചുകൂടി കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിച്ചാല്‍ എല്ലാവര്‍ക്കും ഒരുപോലെ ഗുണം ചെയ്യും. ശുഭ പ്രതീക്ഷയോടെ… പ്രാര്‍ത്ഥനയോടെ…


