അഴിമതിക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേക പോര്‍ട്ടലും, ടോള്‍ ഫ്രീ നമ്ബറും അടുത്ത മാസം ആരംഭിക്കും

single-img
25 May 2023

റവന്യൂ വകുപ്പിലെ അഴിമതി തടയാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി കെ രാജന്‍. അഴിമതിക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേക പോര്‍ട്ടലും, ടോള്‍ ഫ്രീ നമ്ബറും അടുത്ത മാസം ആരംഭിക്കും.

വിവരം നല്‍കിയ ആളുകളുടെ പേരു വിവരങ്ങള്‍ ഒരു കാരണവശാലും പുറത്തറിയില്ല.

ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട അധികൃതരെ ഓണ്‍ലൈന്‍ ആയി വിവരം അറിയിക്കാന്‍ പോര്‍ട്ടലും പ്രവര്‍ത്തന സജ്ജമാകും. അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും. റവന്യൂ വകുപ്പിലെ എല്ലാ വിഭാഗം ജീവനക്കാരെയും ബന്ധപ്പെടുത്തി അഴിമതിക്കെതിരെ മിഷന്‍ മോഡല്‍ പ്രവര്‍ത്തനത്തിനാണ് ശ്രമിക്കുന്നത്. ഇതിനായി സര്‍വീസ് സംഘടനാ നേതാക്കളുടെ യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്. പാലക്കാട്ടെ കൈക്കൂലിയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അതും അന്വേഷണ വിധേയമാകും. സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് വകുപ്പ് അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ വില്ലേജ് അസിസ്റ്റന്റുമാരെയും, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെയും മാറ്റി നിയമിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഇത്തരം ഉദ്യോഗസ്ഥര്‍ ഒരു സ്ഥലത്ത് ഇരിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ലാൻഡ് റവന്യൂ കമ്മീഷണര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും റവന്യൂമന്ത്രി അറിയിച്ചു.