ശസ്ത്രക്രിയയിലെ പിഴവില്‍ കാല് മുറിച്ചുമാറ്റപ്പെട്ട 17-കാരിയായ ഫുട്ബോള്‍ താരം മരണത്തിന് കീഴടങ്ങി

single-img
15 November 2022

ചെന്നൈ: കാലിലെ ലിഗ്മെന്റ് തകരറിനെ തുട‍ര്‍ന്നു നടത്തിയ ശസ്ത്രക്രിയയിലെ പിഴവില്‍ കാല് മുറിച്ചുമാറ്റപ്പെട്ട 17-കാരിയായ ഫുട്ബോള്‍ താരം മരണത്തിന് കീഴടങ്ങി.

ചെന്നൈ രാജീവ് ഗാന്ധി സ‍ര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പ്രിയ എന്ന പെണ്‍കുട്ടി മരിച്ചത്. ചെന്നൈ വ്യാസര്‍പാടി സ്വദേശി രവികുമാറിന്റെ മകളാണ് പ്രിയ. ജില്ലാ സംസ്ഥാന തലങ്ങളില്‍ ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുത്തിട്ടുള്ള പ്രിയ ചെന്നൈയിലെ റാണിമേരി കോളേജില്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു.

അടുത്തിടെ ഫുട്ബോള്‍ പരിശീലനം നടത്തുമ്ബോഴാണ് പ്രിയയുടെ വലതുകാലിന് പേശിവലിവ് അനുഭവപ്പെട്ടത്. അടങ്ങാത്ത വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രിയയുടെ കാലിലെ ലിഗ്മന്റ് തകരാറുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇക്കഴിഞ്ഞ ഏഴിന് പെരമ്ബൂര്‍ പെരിയാര്‍ നഗര്‍ സര്‍ക്കാര്‍ സബര്‍ബന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി. ശസ്ത്രക്രിയ കഴിഞ്ഞിട്ടും വേദന കുറഞ്ഞില്ല. കാല്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ ആയിരുന്നു. പിറ്റേദിവസം ഒമ്ബതു മണിയോടെ പ്രിയയെ കൂടുതല്‍ ചികിത്സയ്ക്കായി ഡോക്ട‍ര്‍മാ‍ര്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു.

ഇവിടെ നടത്തിയ പരിശോധനയിലാണ് വലതുകാലിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ടതായി കണ്ടെത്തിയത്. കാലിലെ പേശികളെല്ലാം നശിച്ചതിനാല്‍ കാല്‍ മുറിച്ചു മാറ്റുകയല്ലാതെ വേറെ വഴിയില്ലെനന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുട‍ര്‍ന്നാണ് മകളുടെ ജീവനാണ് പ്രധാനമെന്ന് കരുതി രക്ഷിതാക്കള്‍ ഫുട്ബോള്‍ താരമായ പ്രിയയുടെ കാലുകള്‍ നീക്കാന്‍ സമ്മതിച്ചത്. പിന്നീട് വിദഗ്ധസംഘത്തിന്റെ നരീക്ഷണത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു പ്രിയ.

എന്നാല്‍ വൈകാതെ ആരോഗ്യനില വഷളാവുകയും വൃക്ക, കരള്‍, ഹൃദയം എന്നിവ തകരാറിലാവുകയും ചെയ്തതോടെയാണ് ഇന്ന് രാവിലെയോടെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് പ്രിയ മരിച്ചതെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന്‍ പറഞ്ഞു. രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ കാല് മറിച്ചുമാറ്റിയ സംഭവത്തിന് പിന്നാലെ രണ്ട് ഡോക്ട‍ര്‍മാരെയും സ്ഥലംമാറ്റിയിരുന്നു. പ്രിയ മരണത്തിന് കീഴടങ്ങിയതിന് പിന്നാലെ ഇരുവരെയും സസ്പെന്‍ഡ് ചെയ്തു. അതേസമയം ഡോക്ട‍ര്‍മാരുടെ പേര് വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറായില്ല.