900 അടി ഉയരത്തിൽ കേബിൾ കാറിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിച്ചു, 15 മണിക്കൂർ നീണ്ട ദൗത്യം

single-img
23 August 2023

ലാഹോര്‍: പാക്കിസ്ഥാനിൽ കേബിൾ കാറിൽ കുടുങ്ങിയ എട്ട് പേരെയും രക്ഷപ്പെടുത്തി. ഒരു ദിവസം നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ ഇന്നലെ രാത്രിയാണ് മുഴുവൻ പേരെയും രക്ഷപ്പെടുത്തിയത്. ഖൈബർ പക്തുൻവ പ്രവിശ്യയിലെ മലയോര മേഖലയായ ഭട്ടഗ്രാമിലായിരുന്നു അപകടം. റോഡ് സൗകര്യം ഇല്ലാത്ത ഇവിടെ കേബിൾ കാറായിരുന്നു പ്രദേശവാസികൾ ഉപയോഗിച്ചിരുന്നത്. അപകടസമയത്ത് ആറ് വിദ്യാർത്ഥികളും രണ്ട് മുതിർന്നവരുമാണ് കേബിൾ കാറിലുണ്ടായിരുന്നത്.

രണ്ട് പേരെ ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തിയെങ്കിലും, മോശം കാലാവസ്ഥയെ തുടർന്ന് ദൗത്യം പൂർത്തിയാക്കാനായിരുന്നില്ല. ഇതിന് പിന്നാലെ കേബിള്‍ കാറിന് സമാന്തരമായി വേറൊരു കേബിൾ സ്ഥാപിച്ചാണ് രാത്രി മറ്റു ആറു പേരെയും രക്ഷപ്പെടുത്തിയത്. കുട്ടികളോടൊപ്പം കേബിൾ കാറിൽ രണ്ട് മുതിർന്നവരുണ്ടായിരുന്നു. ഇവരിലൊരാളായ ഗുൾഫ്രാസ് എന്ന വ്യക്തിയാണു കുടുങ്ങിയ വിവരം പുറംലോകത്തെ അറിയിച്ചത്. കേബിൾ കാറിൽ ഒരു കുട്ടി ബോധരഹിതനായിരുന്നു. അതീവ ദുര്‍ഘടമായ രക്ഷാദൗത്യം രാത്രിയിലാണ് അവസാനിച്ചത്.

കരസേന, രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പം ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഫ്ലഡ്ലൈറ്റുകളുടെ സഹായത്തോടെയായിരുന്നു രക്ഷാ പ്രവര്‍ത്തനം. ഇസ്ലാമബാദിന്‍റെ വടക്കന്‍ മേഖലയിലുള്ള സ്കൂളിലേക്ക് പുറപ്പെട്ടതായിരുന്നു കുട്ടികള്‍. സമാന്തമായി നിര്‍ത്തിയിട്ട ഹെലികോപ്റ്ററിലൂടെയുള്ള രക്ഷാപ്രവര്‍ത്തന ദൃശ്യങ്ങള്‍ ലോകത്തെ തന്നെ ആശങ്കയുടെ മുള്‍മുനയിലാക്കിയിരുന്നു. പാതിവഴിയില്‍ നിലച്ച കേബിള്‍ കാര്‍ ഒരു വശത്തേക്ക് ചരിയുക കൂടി ചെയ്തതിന് പിന്നാലെയാണ് കുട്ടികള്‍ അവശനിലയിലായത്.