സിഗരറ്റ് പങ്കിടാത്തതിന് 27കാരനെ സുഹൃത്ത് കൊലപ്പെടുത്തി

single-img
29 October 2022

ആഗ്ര (ഉത്തര്‍പ്രദേശ്) : സിഗരറ്റ് പങ്കിടാത്തതിന് 27കാരനെ സുഹൃത്ത് കൊലപ്പെടുത്തി. സുഹൃത്തുക്കളായ ഇരുവരും കോട്ടമതിലില്‍ ഇരുന്ന് പുകവലിക്കുന്നതിനിടെ സിഗരറ്റ് നല്‍കാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു.

ഇതേ തുടര്‍ന്ന് രോഷാകുലനായ പ്രതി സുഹൃത്തിനെ 30 അടി താഴ്ചയിലേക്ക് തള്ളിയിട്ട് കൊല്ലുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്.

കപ്തന്‍ സിംഗ് എന്നയാളാണ് മരിച്ചത്. മരണത്തിന് നിമിഷങ്ങള്‍ക്ക് മുമ്ബ്, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സിംഗ് തന്റെ കുടുംബത്തെ വിളിച്ചിരുന്നുവെന്ന് സഹോദരന്‍ ലഖന്‍ സിംഗ് പറഞ്ഞു. “ആഗ്രയിലെ വീടിന് സമീപത്തുള്ള സുഹൃത്ത് സുഹൈല്‍ ഖാനെ കാണാന്‍ എന്റെ സഹോദരന്‍ കപ്തന്‍ സിംഗ് വീട്ടില്‍ നിന്ന് പോയി. പിന്നീട്, റോഡില്‍ പരിക്കേറ്റ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്ബ് അദ്ദേഹം തന്നെ സുഹൃത്ത് തള്ളിയിട്ട വിവരം ഞങ്ങളെ അറിയിച്ചു.” എന്ന് സഹോദരന്‍ ലഖന്‍ സിംഗ് പറഞ്ഞു.

ലഖന്‍ സിംഗിന്റെ പരാതിയിെ തുടര്‍ന്ന് പ്രതിക്കെതിരെ ഐപിസി സെക്ഷന്‍ 304 പ്രകാരം കേസെടുത്തതായി ആഗ്രയിലെ രകബ്ഗഞ്ച് എസ്‌എച്ച്‌ഒ രാകേഷ് കുമാര്‍ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ, താന്‍ മദ്യപിച്ചിരുന്നുവെന്നും താന്‍ സുഹൃത്തിനോട് സിഗരറ്റ് പലതവണ ആവശ്യപ്പെട്ടിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. എന്നാല്‍ സിഗരറ്റ് നിരസിച്ചപ്പോള്‍ കോട്ടമതിലില്‍ നിന്ന് തള്ളിയിട്ടുവെന്ന് പ്രതി സമ്മതിച്ചതായും രാകേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.