ലെജന്‍ഡ്‌‌സ് ലീഗ് രണ്ടാം എഡിഷൻ; യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്ൽ ഇന്ത്യയിലേക്ക്

single-img
5 August 2022

ഇന്ത്യയിൽ നടക്കുന്ന ലെജന്‍ഡ്‌‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷനില്‍ കളിക്കാൻ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലും എത്തുന്നു. ഇന്ത്യയിൽ നടക്കുന്ന ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ചുറിയും ഫോറും സിക്‌സുകളും പേരിലുള്ള താരമാണ് യൂണിവേഴ്‌സ് ബോസ് എന്നറിയപ്പെടുന്ന ക്രിസ് ഗെയ്‌ല്‍.

ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പം വളരെ വിശിഷ്‌ടമായ ലീഗില്‍ കളിക്കാനാവുന്നത് അഭിമാനമാണ്. ഇന്ത്യയില്‍ കാണാം എന്നുമാണ് ആരാധകരോട് ഗെയ്‌ലിന്‍റെ വാക്കുകള്‍. ഇത്തവണ കൊല്‍ക്കത്ത, ലഖ്‌നൗ, ദില്ലി, ജോധ്‌പുര്‍, കട്ടക്ക്, രാജ്‌കോട്ട് എന്നിങ്ങനെ ആറ് നഗരങ്ങളിലായാവും മത്സരങ്ങള്‍ നടക്കുക എന്ന് നേരത്തെ സ്ഥിരീകരണമുണ്ടായിരുന്നു.

അടുത്തമാസം 17 മുതല്‍ ഒക്‌ടോബര്‍ 8 വരെയാണ് ടൂര്‍ണമെന്‍റ്. ലെജന്‍‌ഡ്‌സ് ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ പതിപ്പിന് മസ്‌കറ്റ് ഈ വര്‍ഷാദ്യം ജനുവരിയില്‍ വേദിയായിരുന്നു. ഇന്ത്യ മഹാരാജാസ്, വേള്‍ഡ് ജയന്‍റ്‌സ്, ഏഷ്യ ലയണ്‍സ് എന്നിവയായിരുന്നു ടീമുകള്‍. ഏഴ് മത്സരങ്ങളാണ് ടൂര്‍ണമെന്‍റിലുണ്ടായിരുന്നത്.

എന്നാല്‍ രണ്ടാം സീസണില്‍ നാല് ടീമുകളാണുള്ളത്. ആറ് നഗരങ്ങളിലായി ആകെ 15 മത്സരങ്ങള്‍ നടക്കും. 60ലധികം താരങ്ങള്‍ ഇക്കുറി കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സെവാഗ്, യൂസഫ് പത്താന്‍, മിച്ചല്‍ ജോണ്‍സണ്‍, മുത്തയ്യ മുരളീധരന്‍, മോണ്ടി പനേസര്‍, ഷെയ്‌ന്‍ വാട്‌സണ്‍, ബ്രെറ്റ് ലീ, ഓയിന്‍ മോര്‍ഗന്‍, ഡെയ്‌ല്‍ സ്റ്റെയ്‌ന്‍, ജാക്ക് കാലിസ്, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങിയ താരങ്ങള്‍ ടൂര്‍ണമെന്‍റിന്‍റെ ഭാഗമാകും. മൂന്നാം എഡിഷന് അടുത്ത വര്‍ഷം ഒമാന്‍ തന്നെ വേദിയാകും എന്നാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്‍റിന്‍റെ മത്സരക്രമം ഉടന്‍തന്നെ പ്രഖ്യാപിക്കും. പ്രഥമ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ വേള്‍ഡ് ജയന്‍റ്സ് കിരീടം നേടിയിരുന്നു.