ഭൂരിപക്ഷം തെളിയിക്കണം; മഹാരാഷ്ട്രയിൽ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

single-img
29 June 2022

മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി ഉദ്ധവ് താക്കറെയോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടു. വ്യാഴാഴ്ച വിശ്വാസവോട്ട് തേടാനാണ് ഗവർണറുടെ നിർദേശം. ഗുവാഹത്തിയിലെ വിമത ശിവസേന എംഎൽഎമാർ വ്യാഴാഴ്ച മുംബൈയിലേക്ക് എത്തുമെന്ന് ഏക്നാഥ് ഷിൻഡെ പറഞ്ഞു.

ശിവസേനയുടെ 39 എംഎൽഎമാർ നിലവിലെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്വതന്ത്ര എംഎൽഎമാരും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ വ്യാഴാഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കും. അതിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെയ്ക്ക് ഗവർണർ നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ കണ്ടതിനു പിന്നാലെയാണ് ഗവർണറുടെ കത്ത്.

കോർ കമ്മിറ്റി യോഗത്തിന് ശേഷം തിങ്കളാഴ്ചയാണ് മഹാരാഷ്ട്ര ബിജെപി നേതാക്കൾ ഡൽഹിയിലെത്തിയത്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ എന്നിവരുമായി ചർച്ചനടത്തിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുംബൈയിൽ തിരിച്ചെത്തിയ ഫഡ്നാവിസ് ഗവർണർ ഭഗത് സിംഗ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. ഉദ്ധവ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും നിയമസഭ വിളിച്ചുചേർത്ത് ഭൂരിപക്ഷം തെളിയിക്കാൻ ഉദ്ധവ് സർക്കാരിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടെന്നും ഫഡ്നാവിസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഗവർണർ ഉദ്ധവ് സർക്കാരിന് കത്തയച്ചത്.