വിമത ശബ്ദങ്ങള്‍ ഇപ്പോള്‍ കോൺഗ്രസിൽ ഇല്ല; രാഹുല്‍ ഗാന്ധിയെ ആക്രമിക്കുക മാത്രമാണ് ബിജെപിയുടെ ജോലി: കെസി വേണുഗോപാൽ

single-img
25 May 2022

കോൺഗ്രസിനെ ദേശീയ തലത്തിൽ പുനരുജ്ജീവിപ്പിക്കാനുള്ള ചിന്തന്‍ ശിബിരിലെ തീരുമാനമനുസരിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പുനസംഘടനയുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ചിന്തന്‍ ശിബിരത്തിലൂടെ പാര്‍ട്ടി കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ഇതുവരെ പിന്തുടർന്നുവന്ന ശൈലിയില്‍ നിന്ന് മാറി സംഘടനയെ ശക്തിപ്പെടുത്തും. ജി 23 എന്നത് മാധ്യമങ്ങളുണ്ടാക്കിയതാണെന്നും വിമത ശബ്ദങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസിലില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. കോൺഗ്രസിനെ അടിമുടി ഉടച്ചുവാര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും കെ സി വേണുഗോപാല്‍ ഒരു ചാനലിൽ സംസാരിക്കവെ പറഞ്ഞു.

പാർട്ടിയിൽഎല്ലാവരും ഒറ്റക്കെട്ടാണെന്ന് ചിന്തന്‍ ശിബിര്‍ തെളിയിക്കുന്നുണ്ട്. ജി-23 എന്നെല്ലാം പേരിട്ട് അഭിപ്രായ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. ചിന്തന്‍ ശിബിരിലെ തീരുമാനമനുസരിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പുനസംഘടനയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ആക്രമിക്കുക മാത്രമാണ് ബിജെപിയുടെ ജോലിയെന്ന് പറഞ്ഞ കെ സി വേണുഗോപാല്‍ , ബിജെപിക്കാര്‍ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കുന്നതായും ആരോപിച്ചു.