ഇന്ധന നികുതി ഇനിയും കുറയ്ക്കാനാവില്ലെന്ന് മന്ത്രി കെഎൻ ബാല​ഗോപാൽ; സെക്രട്ടേറിയറ്റ് മാർച്ച് നടത്താൻ ബിജെപി

single-img
22 May 2022

കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും കഴിഞ്ഞ ദിവസം നികുതി കുറച്ചിട്ടും കേരള സർക്കാർ നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് ബി ജെ പി ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. നാളെ രാവിലെ 11 മണിക്കാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്നും കേരളം എത്രയും വേഗം നികുതി കുറയ്ക്കാൻ തയ്യാറാകണമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ ഇന്ധനത്തിന്റെ നികുതി ഇനിയും കുറയ്ക്കാനാവില്ലെന്ന് മന്ത്രി കെഎൻ ബാല​ഗോപാൽ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. രാജ്യമാകെ അവശ്യവസ്തുകൾ ഉൾപ്പെടെയുള്ള ചരക്കുകളുടെ വില പിടിവിട്ട് കുതിച്ചുയരുന്നതിനാലാണ് കേന്ദ്രസർക്കാർ പെട്രോളിന്‍റെ നികുതി 8 രൂപയും ഡീസലിന് 6 രൂപയും കുറയ്ക്കാൻ നിർബന്ധിതരായത്.

കേന്ദ്ര സർക്കാരിന്റേത് സ്വാഗതാർഹമായ ഒരു നടപടിയാണ്. പക്ഷെ 2014 മുതൽ നിരന്തരമായി വർധിപ്പിച്ച നികുതിയാണ് നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാർ കുറവു ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല, കേന്ദ്രം നികുതി കുറച്ചതിന്റെ ഫലമായി കേരളത്തിൽ പെട്രോള്‍ നികുതിയില്‍ 2.41 രൂപയുടെയും ഡീസലിന് 1.36 രൂപയുടെയും കുറവ് വരുമെന്നും മന്ത്രി അറിയിച്ചിരുന്നു.