കെ റെയിൽ അതിരടയാള കല്ലിട്ട സ്ഥലം ഈടുവെച്ച് വായ്പയെടുക്കാം; തടയാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്ന് ധനമന്ത്രി

single-img
31 March 2022

സംസ്ഥാനത്തെ സില്‍വര്‍ലൈന്‍ കടന്നുപോകുന്ന പദ്ധതി പ്രദേശത്തെ താമസക്കാര്‍ക്ക് വായ്പ നിഷേധിക്കുന്ന ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ആളുകളുടെ വായ്പ തടയാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്നും ബാങ്കേഴ്സ് സമിതി അടക്കമുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

പ്രദേശ വാസികൾക്ക് അതിരടയാള കല്ലിട്ട സ്ഥലം ഈടുവെച്ച് ബാങ്കുകളിൽ നിന്നും വായ്പയെടുക്കാൻ തടസമില്ലെന്നും മന്ത്രി വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിൽ സിൽവർ ലൈൻ പദ്ധതിക്കായി കല്ലിട്ട സ്ഥലം ഭൂമിയിൽ ഉൾപ്പെട്ടതിനാൽ ബാങ്ക് വായ്പ നിഷേധിച്ചിരുന്നു.

പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുമെന്നും ബാങ്കുകൾ ഓവർ സ്മാർട്ടാകരുതെന്നും മന്ത്രി പറഞ്ഞു. കല്ലിട്ട സ്ഥലങ്ങൾക്ക് വായ്പ നിഷേധിച്ചാൽ ശക്തമായ നടപടി സ്വീകരിക്കും. സിൽവർ ലൈൻ വിഷയത്തിൽ സംസ്ഥാനത്തെ പ്രതിപക്ഷം ജനങ്ങളുടെ മനസിൽ തീ കോരിയിടുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.