കോണ്‍ഗ്രസിന് വോട്ട് ചെയ്‌താൽ ജയിച്ച ശേഷം നേതാക്കള്‍ ബിജെപിയിലേക്ക് കൂടുമാറും: കെജ്രിവാൾ

single-img
3 February 2022

കോണ്‍ഗ്രസിന് ജനങ്ങൾ ചെയ്യുന്ന ഓരോ വോട്ടുകളും ബിജെപിക്ക് നല്‍കുന്ന പരോക്ഷ വോട്ടുകളാണെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍. തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പലരും പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് കൂടുമാറിയെന്നും അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് വോട്ടു ചെയ്യരുതെന്നും അദ്ദേഹം പറയുന്നു.

ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളോടായി അദ്ദേഹം പറഞ്ഞത് ഇങ്ങിനെ: ‘ഗോവയിലെ ജനങ്ങള്‍ക്ക് മുന്നില്‍ രണ്ട് ഓപ്ഷനാണുള്ളത്. ആം ആദ്മി പാര്‍ട്ടി അല്ലെങ്കില്‍ ബിജെപി. നിങ്ങള്‍ക്കാവശ്യമുള്ളത് നിങ്ങളോട് കൂറുള്ള ഒരു സര്‍ക്കാരിനെയാണെങ്കില്‍ നിങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്യണം. മറ്റൊന്ന് ബിജെപിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ വോട്ട് ചെയ്യുക എന്നതാണ്.

ഇതിൽ പരോക്ഷമായി വോട്ട് ചെയ്യുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കോണ്‍ഗ്രസിന് വോട്ട് ചെയ്യുക എന്നതാണ്. ജയിച്ചു കഴിഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് കൂടുമാറും,’

കഴിഞ്ഞ 2017 നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിന് ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. തുടർന്ന് ബിജെപി ഗോവയില്‍ അധികാരത്തിലെത്തുകയും കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു.