ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനല്‍ വിജയിയെ കണ്ടെത്താന്‍ മൂന്ന് ടെസ്റ്റുകൾ നടത്തണം: വിരാട് കോലി

single-img
24 June 2021

ആദ്യമായി നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനോടു പരാജയപ്പെട്ട പിന്നാലെ, ഒരു ടെസ്റ്റ് കൊണ്ട് മികച്ച ടീമിനെ കണ്ടെത്തുന്നത് എങ്ങനെയെന്ന ചോദ്യവുമായി ഇന്ത്യൻ നായകന്‍ വിരാട് കോലി. തുടര്‍ച്ചയായി രണ്ടു ദിവസം മികച്ച ക്രിക്കറ്റ് കളിച്ചിട്ടും തോൽക്കുന്ന ടീം മോശമാണെന്ന് എങ്ങനെ പറയുമെന്ന് കോലി ചോദിക്കുന്നു .

അതിനാല്‍ തന്നെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ വിജയിയെ കണ്ടെത്താന്‍ മൂന്നു ടെസ്റ്റുകൾ വേണമെന്ന പരിശീലകൻ രവി ശാസ്ത്രിയുടെ നിലപാട് ശരിവച്ചാണ് ഒറ്റ ടെസ്റ്റിൽ അവസാനിക്കുന്ന ഫൈനലിനെ കോലി എതിർത്തത്. ‘ഫൈനല്‍ മത്സരത്തിലെ ഒരേയൊരു ടെസ്റ്റ് കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്ന ഈ രീതിയോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല.

വിജയിയെ കണ്ടെത്താന്‍ ഒരു പരമ്പര നടത്തുന്നതാണ് ഏറ്റവും നല്ലത്. അങ്ങിനെ ചെയ്താലാണ് ഓരോ ടീമിനും അവരുടെ ശരിയായ കരുത്ത് പ്രകടിപ്പിക്കാന്‍ സാധിക്കുക. തിരിച്ചടികള്‍ നേരിട്ടാല്‍ , തിരിച്ചുവരാൻ കെൽപ്പുള്ള, എതിർ ടീമിനെ തൂത്തെറിയാൻ ശേഷിയുള്ള ടീം ഏതെന്ന് അങ്ങനെയാണ് കണ്ടെത്തേണ്ടത്. വെറും രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പോരാട്ടത്തിൽ കടുത്ത സമ്മർദ്ദത്തിൽ കളിച്ച് തോറ്റതുകൊണ്ട് നിങ്ങൾ ഒരു മോശം ടീമായി എന്ന് ഞാൻ വിശ്വസിക്കുന്നില്ല’ – കോലി ചോദിക്കുന്നു.