നിര്‍ണായക കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്: ചുക്കാന്‍ പിടിച്ച് സോണിയാ ഗാന്ധി

single-img
16 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍ എത്തിനില്‍ക്കേ നിര്‍ണായക നീക്കവുമായി യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി. ഫലം പ്രഖ്യാപിക്കുന്ന മെയ് 23 ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സോണിയ പ്രതിപക്ഷ നേതാക്കള്‍ക്ക് കത്ത് നല്‍കി.

കത്ത് ലഭിച്ചതായി ഡി.എം.കെ വ്യക്തമാക്കിയിട്ടുണ്ട്. യോഗത്തില്‍ എം.കെ സ്റ്റാലിന്‍ പങ്കെടുക്കുമെന്നും ഡി.എം.കെ അറിയിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി സംസാരിക്കാന്‍ കമല്‍നാഥിനെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളേയും സോണിയ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നേരത്തേ ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മോദി നവീന്‍ പട്‌നായികിനെ കണ്ടിരുന്നു. അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് പട്‌നായികിന്റേതെന്ന് മോദി പ്രശംസിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മോദി വിരുദ്ധ പക്ഷത്തുള്ള പട്‌നായിക് മറുപക്ഷത്തേക്ക് പോകാതിരിക്കാന്‍ കോണ്‍ഗ്രസ് മുന്‍കരുതലെടുക്കുന്നത്.

പ്രധാനമന്ത്രി പദം ഇല്ലെങ്കിലും മോദി വിരുദ്ധ, എന്‍ഡിഎ വിരുദ്ധ പക്ഷത്തിനൊപ്പം നിലയുറപ്പിക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് പലപ്പോഴായി നിലപാടെടുക്കുന്നത്. അതിന്റെ തെളിവാണ് ഗുലാം നബി ആസാദിന്റെ പ്രസ്താവന. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ പ്രധാനമന്ത്രി പദത്തിന് വേണ്ടി വാശി പിടിക്കില്ലെന്നാണ് ഗുലാം നബി ആസാദ് വ്യക്തമാക്കിയത്.

എന്‍ഡിഎയും മോദിയും വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും കോണ്‍ഗ്രസിന് വേണ്ടി ധാരണയുണ്ടായാല്‍ നേതൃത്വം പാര്‍ട്ടി ഏറ്റെടുക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു.

സഖ്യനീക്കങ്ങളില്‍ ചലനമുണ്ടാക്കാവുന്ന നിര്‍ണായക പ്രഖ്യാപനമാണ് ഇതിലൂടെ കോണ്‍ഗ്രസ് നടത്തിയത്. മോദിക്ക് കഴിഞ്ഞ തവണ കിട്ടിയതു പോലുള്ള മൃഗീയ ഭൂരിപക്ഷം കിട്ടില്ലെന്ന് തന്നെയാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിപദമെന്ന ആവശ്യം പോലും ഉപേക്ഷിച്ച്, മോദി വിരുദ്ധ മുന്നണിക്കൊപ്പം കോണ്‍ഗ്രസ് നില്‍ക്കുന്നത്.

തമിഴ്‌നാട്ടില്‍ 39 ലോക്‌സഭാ സീറ്റുകളുണ്ട്. തെലങ്കാനയില്‍ 17, ആന്ധ്രാപ്രദേശില്‍ 25, കേരളത്തില്‍ 20, കര്‍ണാടകത്തില്‍ 28. എല്ലാം ചേര്‍ത്താല്‍ 129. ഉത്തര്‍പ്രദേശിലെ 80 സീറ്റിനും പശ്ചിമബംഗാളിലെ 42 സീറ്റിനും ഏറെ മുകളില്‍. ഹിന്ദി ഹൃദയഭൂമിയില്‍ തിരിച്ചടി നേരിട്ടാലും അത് ദക്ഷിണേന്ത്യയില്‍ നിന്ന് തിരിച്ചു പിടിക്കാനും, അങ്ങനെ മോദിയെ അധികാരത്തില്‍ നിന്ന് പുറത്ത് നിര്‍ത്താമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.