സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കാരണമാണ് 12 ചിത്രങ്ങള്‍ക്ക് ഒറ്റരാത്രികൊണ്ട് അനുമതി ലഭിച്ചത്: റസൂൽ പൂക്കുട്ടി

ഐഎഫ്എഫ്‌കെയിൽ നേരിട്ട് പങ്കെടുക്കാനായില്ലെന്ന വിഷയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി വിശദീകരണവുമായി രംഗത്തെത്തി. അക്കാദമി ചെയർമാനെന്ന ഉത്തരവാദിത്തം ഏറ്റെടുത്തിട്ട് മൂന്ന് ആഴ്ചകൾ മാത്രമേ ആയിട്ടുള്ളുവെന്നും, താൻ ഇപ്പോഴും ഒരു വർക്കിംഗ് പ്രൊഫഷണലാണെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. അടുത്ത വർഷത്തെ ചലച്ചിത്രമേളയിൽ കൂടുതൽ വിസ്മയങ്ങളോടെ എത്തുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, അതിനായി കാത്തിരിക്കണമെന്നും അഭ്യർത്ഥിച്ചു.
സിനിമകൾക്ക് അനുമതി നിഷേധിച്ച നടപടിയെ വലിയ പ്രതിസന്ധിയായി കാണുന്നില്ലെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി. 186 സിനിമകളിൽ 180ന് അനുമതി ലഭിച്ചുവെന്നും, സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് 12 ചിത്രങ്ങൾക്ക് ഒറ്റരാത്രികൊണ്ട് അനുമതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആറ് സിനിമകൾ മേളയിൽ പ്രദർശിപ്പിക്കാൻ സാധിക്കാതിരുന്നുവെന്നും, ഇതുമൂലം പ്രതിനിധികൾക്കും മറ്റുള്ളവർക്കും ഉണ്ടായ ബുദ്ധിമുട്ടുകളുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും റസൂൽ പൂക്കുട്ടി അറിയിച്ചു.
അതേസമയം, ഏഴ് ദിവസം നീണ്ടുനിന്ന മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും. വൈകിട്ട് ആറിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ റസൂൽ പൂക്കുട്ടിയും പങ്കെടുക്കും. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സന്നിഹിതരാകും. വിവിധ വിഭാഗങ്ങളിലെ വിജയിച്ച സിനിമകൾക്കുള്ള അവാർഡ് വിതരണവും സമാപന സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
സിനിമകളിൽ കേന്ദ്ര സർക്കാരിന്റെ കടുത്ത നിയന്ത്രണം, അക്കാദമി ചെയർമാന്റെ തുടക്കകാലത്തെ അസാന്നിധ്യം, സംഘാടനത്തിൽ പിഴവുണ്ടായെന്ന ആരോപണങ്ങൾ തുടങ്ങി നിരവധി വിവാദങ്ങളാണ് മുപ്പതാമത് ഐഎഫ്എഫ്‌കെയെ ചുറ്റിപ്പറ്റിയിരുന്നത്. സിനിമകളേക്കാൾ കൂടുതലായി പ്രതിനിധികൾ ചർച്ച ചെയ്തത് ഈ വിവാദങ്ങളായിരുന്നു എന്ന വിമർശനവും ഉയർന്നിരുന്നു.


