ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്‍റെ മന്ത്രിസഭയില്‍ നിന്നും ആദ്യത്തെ രാജി;മുതിര്‍ന്ന മന്ത്രി ഗാവിന്‍ വില്യംസണ്‍ രാജിവച്ചത്

single-img
9 November 2022

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്‍റെ മന്ത്രിസഭയില്‍ നിന്നും ആദ്യത്തെ രാജി.

ഗാവിന്‍ വില്യംസണ്‍ എന്ന മുതിര്‍ന്ന മന്ത്രിയാണ് കഴിഞ്ഞ ദിവസം രാജിവച്ചത്. സഹപ്രവര്‍ത്തകനോട് മോശമായി പെരുമാറി എന്ന ആരോപണത്തിലാണ് രാജി.

ഗാവിന്‍ വില്യംസണ്‍ സഹപ്രവര്‍ത്തകന് അയച്ച ഒരു ടെക്സ്റ്റ് സന്ദേശമാണ് രാജിയിലേക്ക് നയിച്ചത്. വില്യംസണ്‍ സന്ദേശം ലഭിച്ച സഹപ്രവര്‍ത്തകനോട് മാപ്പ് പറഞ്ഞെങ്കിലും പിന്നീട് സ്ഥാനം രാജിവയ്ക്കുകയാണ് എന്ന് അറിയിക്കുകയായിരുന്നു.

എന്‍റെ മുന്‍കാലത്തെ ചില കാര്യങ്ങള്‍ വച്ച്‌ എന്നെ വ്യക്തിപരമായി ആക്രമിക്കുന്നുണ്ട്, അത്തരം ആരോപണങ്ങള്‍ ഞാന്‍ പൂര്‍ണ്ണമായും തള്ളികളയുന്നു. എന്നാല്‍ എനിക്കെതിരെ ഉയരുന്ന ആരോപണം സര്‍ക്കാറിന്‍റെ നല്ല പ്രവര്‍ത്തനത്തിന് കളങ്കം ഉണ്ടാകരുത് എന്നതിനാല്‍ ഞാന്‍ രാജിവയ്ക്കുന്നു – രാജികത്ത് നല്‍കി ഗാവിന്‍ വില്യംസണ്‍ പറഞ്ഞു.

നേരത്തെ തെരേസ മേയ് മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്ന സമയത്തും ഇദ്ദേഹത്തിനെതിരെ മോശം പരാമര്‍ശത്തിന്‍റെ പേരില്‍ വിവാദത്തില്‍ ആയിരുന്നു. അന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഒരു ജീവനക്കാരനെ കഴുത്തറക്കും എന്ന് മന്ത്രി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

ഗാവിന്‍ വില്യംസണ്‍ മോശം പെരുമാറ്റം നടത്തിയെന്ന് ഇദ്ദേഹത്തിന്‍റെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരായ എംപിമാര്‍ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഗാവിന്‍ വില്യംസണ്‍ ചീഫ് വിപ്പായിരുന്നു കാലത്ത് അദ്ദേഹത്തിന്‍റെ ഡെപ്യൂട്ടി ആയിരുന്ന അന്ന മില്‍ട്ടണ്‍ ചാനല്‍ 4 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഗാവിന്‍ വില്യംസണിന്‍റെ ഓഫീസില്‍ ഉണ്ടായിരുന്നുപ്പോള്‍ അയാളുടെ പെരുമാറ്റം ഭീഷണിപ്പെടുത്തുന്നതും, ഭയപ്പെടുത്തുന്നതും ആയിരുന്നെന്ന് പറഞ്ഞു.

അതേ സമയം ഋഷി സുനക്ക് ഗാവിന്‍ വില്യംസണിന്‍റെ രാജി സ്വീകരിച്ചു. വളരെ ദു:ഖകരമാണ് ഈ രാജി എന്ന് പ്രസ്താവിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി എന്നും സര്‍ക്കാറിനും, പാര്‍ട്ടിക്കും വിശ്വസ്തനാണ് ഗാവിന്‍ വില്യംസണ്‍ എന്നും കൂട്ടിച്ചേര്‍ത്തു.