ശരീരമാകെ 16 മുറിവുകൾ; ചേര്‍ത്തലയില്‍ കൊല്ലപ്പെട്ട ഹെന ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് കൊടും ക്രൂരതകൾ

single-img
2 June 2022

ചേര്‍ത്തലയില്‍ കൊല്ലപ്പെട്ട ഹെന ഭർത്താവായ അപ്പുക്കുട്ടനിൽ നിന്നും നേരിട്ടത് കൊടും ക്രൂരതയെന്ന് പൊലീസ് പറയുന്നു. യുവതിയുടെ ശരീരത്തിലാകെ 16 മുറിവുകളുണ്ട്. അവയിൽ വളരെ പഴക്കം ചെന്ന മുറിവുകളും കണ്ടെത്തി.

ഹെന കൊല്ലപ്പെട്ട ദിവസം ഭര്‍ത്താവ് അപ്പുക്കുട്ടന്‍ ഇവരുടെ തല ഭിത്തിയിലിടിപ്പിച്ചു. യുവതിയുടെ തലയുടെ ഉള്ളിൽ മാത്രം 14 മുറിവുകളുണ്ടെന്നും പൊലീസ് പറയുന്നു. സ്ത്രീധന പീഢനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 75 പവന്‍ സ്വര്‍ണം വാങ്ങിയാണ് അപ്പുക്കുട്ടന്‍ ഹെനയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹത്തിന് ആറ് മാസം മുമ്പ് തന്നെ ഏഴ് ലക്ഷം രൂപ കൂടി വേണമെന്ന് ഇയാള്‍ ഹെനയോട് ആവശ്യപ്പെട്ടു.

തന്റെ ആവശ്യം ഭാര്യാപിതാവിനോടും പ്രതി സൂചിപ്പിച്ചിരുന്നു. എന്നാൽ ഈ തുക ലഭിക്കാതെ വന്നതോടെ നിരന്തരം വഴക്കുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇതിനു പുറമെ ബൈപോളാര്‍ ഡിസോര്‍ഡര്‍ രോഗബാധിതയായിരുന്നു ഹെന. ഇത് അറിഞ്ഞു തന്നെയാണ് അപ്പുക്കുട്ടന്‍ വിവാഹം കഴിച്ചത്.

പക്ഷെ വിവാഹശേഷം യുവതിയുടെ രോഗാവസ്ഥയുമായി പൊരുത്തപ്പെടാന്‍ ഇയാള്‍ക്കായില്ലെന്നാണ് മൊഴി. ഹെനയെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പോലും അപ്പുക്കുട്ടന്‍ വിലക്കിയിരുന്നുവെന്നും പിതാവ് ആരോപിച്ചിരുന്നു. മെയ് മാസം 26നാണ് കൊല്ലം സ്വദേശി ഹെനയെ അപ്പുക്കുട്ടന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ചേര്‍ത്തല കാളികുളത്തെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ ഹെനയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.

കുളിക്കുന്നതിനിടെ തെന്നിവീണു എന്നായിരുന്നു വീട്ടുകാര്‍ അറിയിച്ചത്. എന്നാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ കണ്ടെത്തലും വീട്ടുകാരുടെ മൊഴിയും തമ്മില്‍ പൊരുത്തക്കേട് വന്നതോടെ സംശയം ഉയര്‍ന്നു. കൊലപാതകമാണെന്ന സംശയം ഡോക്ടര്‍മാര്‍ ഉന്നയിച്ചതിന് പിന്നാലെ പൊലീസ് അപ്പുക്കുട്ടനെ ചോദ്യം ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് കുറ്റം സമ്മതിക്കുകയായിരുന്നു.