ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതും; തമിഴ്നാട് ബിജെപി അധ്യക്ഷൻ

single-img
19 April 2022

പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണമെന്ന ആവശ്യവുമായി തമിഴ്‌നാട് ബിജെപി . അദ്ദേഹത്തിന് രാജ്യത്തെ ഏറ്റവും വലിയ ബഹുമതി നല്‍കേണ്ടത് അത്യാവശ്യമാണെന്നും ഈ ആവശ്യവുമായി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതുമെന്നും തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.

ഇത്തവണ രാജ്യസഭയിലേക്ക് തമിഴ്‌നാട്ടിൽ നിന്നും നാമനിര്‍ദേശം ചെയ്യപ്പെടുന്ന 12 പേരുടെ കൂട്ടത്തില്‍ ഇളയരാജയെയും രാഷ്ട്രപതി ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് അദ്ദേഹത്തിന് നല്‍കുന്ന ആദരമാണെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു. ഇളയരാജ ബിജെപിയിലെ ഒരു അംഗമല്ല. തമിഴ്നാടിന്റെയാകെ ആളാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഡോ. ബി.ആര്‍. അംബേദ്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത് ഇളയരാജ പറഞ്ഞത് വിവാദമായതിന് പിന്നാലെയാണ് അണ്ണാമലൈയുടെ ഈ പ്രതികരണം. ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെര്‍ഫോമന്‍സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിലെ ആമുഖത്തിലാണ് ഇളയരാജ മോദിയേയും അംബേദ്കറേയും താരതമ്യം ചെയ്യുന്നത്.