പാലക്കാട്ടെ കൊലപാതകങ്ങൾ; ശക്തമായ അടിച്ചമര്‍ത്തല്‍ സ്വഭാവത്തോടു കൂടി നീങ്ങണമെന്ന് പൊലീസിന് നിർദ്ദേശം നൽകി: മന്ത്രി കെ കൃഷ്ണന്‍കുട്ടി

single-img
17 April 2022

രണ്ടു ദിവസത്തിനിടയിൽ പാലക്കാട് നടന്ന തുടര്‍കൊലപാതകങ്ങളില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. രണ്ടു കൊലപാതക കേസുകളിലേയും മുഴുവന്‍ പ്രതികളേയും രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക വിവരം അറിഞ്ഞ ഉടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടു. ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്ന് അദ്ദേഹം അറിയിച്ചു. രണ്ട് പാര്‍ട്ടികളും സ്വയം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി, ശക്തമായ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയെന്നും പറഞ്ഞു.

അക്രമം വര്‍ഗീയമാക്കി മാറ്റാനാണ് ശ്രമം. ആക്ഷേപം വന്നാലും കുഴപ്പമില്ല, നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പുതിയ ഫോഴ്‌സിനേയും പാലക്കാട്ടേക്ക് അയച്ചിട്ടുണ്ട്. ജീവനാണ് നമുക്ക് രക്ഷിക്കേണ്ടത്. പോലീസ് ശക്തമായ അടിച്ചമര്‍ത്തല്‍ സ്വഭാവത്തോടു കൂടി നീങ്ങണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നും മന്ത്രി പറഞ്ഞു.

ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി ബല പ്രയോഗം വേണ്ടിവന്നേക്കുമെന്നും കൃഷ്ണന്‍കുട്ടി
വ്യക്തമാക്കി. ഇതിന്റെ വേര് എവിടെയാണെന്ന് കണ്ടുപിടിച്ച് അവരെ പിടിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടുപിടിച്ച് അവിടെ പ്രത്യേകമായ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം നാളെ പാലക്കാട് ജില്ലയില്‍ സര്‍വ്വകക്ഷിയോഗം വിളിക്കും. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.