കെ റെയിൽ പദ്ധതിക്കെതിരെ സമരം ചെയ്യാന്‍ യുഡിഎഫിന് ബിജെപിയുടെ പിന്തുണ ആവശ്യമില്ല: വിഡി സതീശൻ

single-img
11 April 2022

കേരളത്തിൽ കെ റെയിൽ പദ്ധതിക്കെതിരെ ബിജെപി ഇപ്പോൾ ചെയ്യുന്ന സമരം കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പദ്ധതിക്കെതിരെ സമരം ചെയ്യാന്‍ യുഡിഎഫിന് ബിജെപിയുടെ പിന്തുണ ആവശ്യമില്ലെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കേന്ദ്രത്തില്‍ സംസാരിക്കാതെ സമരം ചെയ്യുന്ന യുഡിഎഫ് നേതാക്കള്‍ക്കെതിരെ സംസാരിക്കുന്നത് അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന ആവശ്യം പ്രധാന മന്ത്രിയെയും റെയില്‍വേ മന്ത്രിയെയും കണ്ട് വി മുരളീധരന്‍ സംസാരിച്ചാല്‍ തീരുമാനം ആവില്ലേയെന്നും വിഡി സതീശൻ ചോദിക്കുന്നു. പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചാല്‍ പിന്നെ പദ്ധതിക്കെതിരെ യുഡിഎഫിന്റെ സമരം അവസാനിപ്പിക്കും.

ഇതോടൊപ്പം കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമായി സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് മാറിയതായും വിഡി സതീശൻ പറഞ്ഞു. സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയോ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെയോ രാഷ്ട്രീയ അഭിപ്രായത്തെ മറികടന്നു കൊണ്ടുള്ള തീരുമാനമാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്തത്. വിപിഎമ്മിന്റെ കേരള ഘടകവും മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കോണ്‍ഗ്രസ് വിരുദ്ധ തീരുമാനങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ എടുത്തതെന്നും അദ്ദേഹം ആരോപിച്ചു.