കാശ്മീര്‍ ഫയല്‍സിന് നികുതി ഒഴിവാക്കില്ല; യുട്യൂബില്‍ അപ്ലോഡ് ചെയ്‌താൽ എല്ലാവര്‍ക്കും സിനിമ സൗജന്യമായി കാണാന്‍ സാധിക്കും: അരവിന്ദ് കെജ്രിവാള്‍
കാശ്മീര്‍ ഫയല്‍സ് സിനിമക്ക് ഡൽഹി സർക്കാർ നികുതി ഒഴിവാക്കണമെന്ന ബിജെപിയുടെ ആവശ്യത്തോട് രൂക്ഷമായി പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ വിവേക് അഗ്‌നിഹോത്രിയോട് സിനിമ യുട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ ബിജെപി ആവശ്യപ്പെടണം എന്ന് ഡല്‍ഹി മുഖ്യമന്ത്രി പ്രതികരിച്ചു.
സിനിമ യുട്യൂബില്‍ അപ്ലോഡ് ചെയ്‌താൽ എന്നാല്‍ എല്ലാവര്‍ക്കും സൗജന്യമായി കാണാന്‍ സാധിക്കുമെന്ന് കെജ്രിവാള്‍ നിയമസഭയില്‍ പരിഹസിച്ചു. ഇതിനോടകം തന്നെ കശ്മീരി പണ്ഡിറ്റുകളുടെ പേരില്‍ ചിലര്‍ കോടികള്‍ നേടി. ബിജെപി അതിന് പോസ്റ്റര്‍ പതിക്കുകയാണ് ചെയ്യുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു.
അതേസമയം, കശ്മീര്‍ ഫയല്‍സിന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ നികുതി ഒഴിവാക്കി നല്‍കിയിരുന്നു. ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന, യുപി, ഗുജറാത്ത്, ത്രിപുര, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളാണ് ഇതിനോടകം നികുതി ഒഴിവാക്കി നല്‍കിയത്.