വീട്ടിൽ ഓമനിച്ച് വളര്‍ത്തുന്ന പുള്ളിപ്പുലിയെയും കരിമ്പുലിയെയും ഉപേക്ഷിക്കാനാവില്ല; ഉക്രൈനിൽ നിന്നും സ്വദേശത്തേക്ക് ഇല്ലെന്ന് ഇന്ത്യന്‍ പൗരന്‍

single-img
7 March 2022

താന്‍ വീട്ടിൽ ഓമനിച്ച് വളര്‍ത്തിയ പുള്ളിപ്പുലിയെയും കരിമ്പുലിയെയും ഉപേക്ഷിച്ചുകൊണ്ട് സ്വദേശത്തേക്ക് ഇല്ലെന്ന് ഇന്ത്യന്‍ പൗരന്‍. ഉക്രൈനില്‍ ഡോക്ടറായ ഇന്ത്യക്കാരനാണ് തന്റെ പുലികളെ വിട്ട് എങ്ങോട്ടുമില്ലെന്ന് വ്യക്തമാക്കിയത്.

റഷ്യൻ ആക്രമണം രൂക്ഷമായി തുടരുമ്പോള്‍ പൗരന്‍മാരെ സ്വന്തം രാജ്യത്തിലേക്ക് തിരികെയെത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനിടെയാണ് ഡോക്ടര്‍ ഗിരികുമാര്‍ പാട്ടീല്‍ വളര്‍ത്തുമൃഗങ്ങളെ വിട്ട് നാട്ടിലേക്കില്ലെന്ന് പറഞ്ഞത്.

ഇദ്ദേഹം തന്റെ രണ്ട് പുലികളുമായി ഡോണ്‍ബാസിലെ സെവറോഡോനെസ്‌കിലെ വീടിന് സമീപത്തെ ബങ്കറിലാണ് ഇപ്പോൾ കഴിയുന്നത്. ഈ പ്രദേശം സുരക്ഷിതമല്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പുലികളെ ഉപേക്ഷിച്ച് വരാന്‍ ഡോക്ടര്‍ തയാറാകുന്നില്ല.

‘ എന്റെ ജീവന്‍ രക്ഷിക്കാനായി ഇവരെ ഞാന്‍ ഉപേക്ഷിക്കില്ല. ഇവര്‍ രണ്ടും എന്റെ കുട്ടികളാണ്. എന്റെ വീട്ടുകാര്‍ അവയെ ഉപേക്ഷിച്ച് തിരിച്ച് വരാന്‍ പറയുന്നുണ്ട്. എന്നാല്‍ എന്റെ അവസാനശ്വാസം വരെ ഞാന്‍ അവരോടൊപ്പമായിരിക്കും.’- ഡോക്ടര്‍പറയുന്നു.

അടുത്തുതന്നെയുള്ള മൃഗശാലയില്‍ നിന്ന് ദത്തെടുത്താണ് ഇയാള്‍ പുലികളെ വളര്‍ത്തുന്നത്. ഏകദേശം 20 മാസം പ്രായമുള്ള ആണ്‍ പുള്ളിപ്പുലിക്ക് യാഷ എന്നാണ പേര്. ആറ് മാസം പ്രായമുള്ള പെണ്‍ കരിമ്പുലിയെ സബ്രീന എന്നും പേരിട്ടു. ഇവര്‍ക്ക് ഭക്ഷണം വാങ്ങാന്‍ മാത്രമാണ് ഇയാള്‍ പുറത്തിറങ്ങുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുകൂടാതെ ഇയാള്‍ക്ക് മൂന്ന് വളര്‍ത്തുനായ്ക്കളുമുണ്ട്. തന്റെ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സില്‍ നിന്നാണ് ഇവയെ പരിപാലിക്കാന്‍ ഫണ്ട് കണ്ടെത്തുന്നത്. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തനുകു സ്വദേശിയാണ് ഡോ. പാട്ടീല്‍.