തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കനയ്യ കുമാറിനു നേരെ മഷിയെറിഞ്ഞു; എറിഞ്ഞത് ആസിഡെന്ന് കോൺഗ്രസ് നേതാക്കൾ

single-img
1 February 2022

ലഖ്നൗവിലുള്ള കോൺഗ്രസ് ഓഫീസിൽ വെച്ച് മുൻ ജെഎൻയു വിദ്യാർത്ഥിയും കോൺഗ്രസ് നേതാവുമായ കനയ്യ കുമാറിനു നേരെ അക്രമികൾ മഷിയെറിഞ്ഞതായി ആരോപണം. അതേസമയം, കനയ്യക്കെതിരെ എറിഞ്ഞത് മഷിയല്ലെന്നും ആസിഡാണെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണത്തിന് ഇവിടേക്ക് എത്തിയതായിരുന്നു കനയ്യ.

“ഒരു അക്രമി കനയ്യക്കുനേരെ മഷി എറിഞ്ഞെങ്കിലും പരാജയപ്പെട്ടു. പക്ഷെ കുറച്ചു തുള്ളികൾ അവിടെയുണ്ടായിരുന്ന യുവാക്കളുടെ മേൽ വീണു.” നേതാക്കൾ പറഞ്ഞു. സംഭവം നടന്ന ഉടൻതന്നെ പാർട്ടി പ്രവർത്തകർ അക്രമിയെ പിടികൂടിയെങ്കിലും ഇയാളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

തെരഞ്ഞെടുപ്പിൽ പ്രദേശത്തെ വീട് വീടാന്തരം കയറിയിറങ്ങി വോട്ട് ചോദിക്കുന്നതിനാണ് കനയ്യ കുമാർ ഉത്തർപ്രദേശിലെത്തിയത്. യുപിയിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് കനയ്യ പറഞ്ഞു.