ടിപ്പു സുൽത്താനെക്കുറിച്ച് ഞങ്ങൾക്ക് അറിയാം; ബിജെപിയിൽനിന്ന് പഠിച്ചിട്ടു വേണ്ട: സഞ്ജയ് റാവത്ത്

single-img
27 January 2022

ടിപ്പു സുൽത്താന്റെ പേര് മഹാരാഷ്ട്രയിലെ കായിക സമുച്ചയത്തിനു നൽകാനുള്ള സർക്കാർ നീക്കത്തിനെതിരായ ബിജെപി പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ശിവസേന. ടിപ്പുവിനെ സംബന്ധിച്ച് തങ്ങൾക്ക് അറിയാമെന്നും ബിജെപി ചരിത്രം പഠിപ്പിക്കേണ്ടെന്നും ശിവസേനയുടെ നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു.

നേരത്തെ ടിപ്പുവിനെ സ്വതന്ത്ര്യ സമരസേനാനിയായി വാഴ്ത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് രാജിവയ്ക്കാൻ ബിജെപി ആവശ്യപ്പെടുമോയെന്നും റാവത്ത് ചോദിച്ചു. ബിജെപി കരുതുന്നത് അവർക്കു മാത്രമേ ചരിത്രജ്ഞാനമുള്ളതെന്നാണ്. അവരെല്ലാവരും കുത്തിയിരുന്ന് പുതിയ ചരിത്രമെഴുതുകയാണ്. ഈ ചരിത്രകാരന്മാരെല്ലാം ചരിത്രം മാറ്റാനിരിക്കുകയാണ്.

എന്നാൽ ടിപ്പു സുൽത്താനെക്കുറിച്ച് ഞങ്ങൾക്ക് അറിയാം. ബിജെപിയിൽനിന്ന് പഠിച്ചിട്ടു വേണ്ട-സഞ്ജയ് റാവത്ത് പറഞ്ഞു . ബിജെപിയുടെ പുതിയ ചരിത്രം എഴുതാനുള്ള ശ്രമം വേണ്ട. നിങ്ങൾക്ക് അവിടെ ഡൽഹിയിലെ ചരിത്രം തിരുത്താൻ നോക്കാം. പക്ഷെ, അതിൽ വിജയിക്കാനാകില്ലെന്നും റാവത്ത് കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിലെ മുംബൈയിലെ മാൽവാനിയിൽ നവീകരിച്ച സ്‌പോർട്‌സ് കോംപ്ലക്‌സിനാണ് ടിപ്പു സുൽത്താന്റെ പേരുനൽകാൻ നീക്കം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി ബിജെപിയുടെയും ബജ്രങ്ദൾ അടക്കമുള്ള സംഘ്പരിവാർ സംഘടനകളുടെയും നേതൃത്വത്തിൽ കടുത്ത പ്രതിഷേധം നടക്കുന്നത്.