മലയാള സിനിമയിൽ സ്ത്രീകളുടെ രക്ഷയ്ക്കായുള്ള പോരാട്ടത്തിൽ പുതുതലമുറ സംവിധായകരുടെ പിന്തുണ പോലും കിട്ടുന്നില്ല: അഞ്ജലി മേനോന്‍

single-img
10 January 2022

മലയാള സിനിമാ മേഖലയിൽ ഇപ്പോഴും സ്ത്രീകൾ വളരെ അരക്ഷിതരെന്ന് സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോൻ. സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം കാണാനും സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ പുറത്തുവിടാത്തത് അങ്ങേയറ്റം നിരാശജനകമാണ് എന്ന് അഞ്ജലി പറയുന്നു.

വനിതാ പ്രവർത്തകരുടെ മലയാള സിനിമയിലെ കൂട്ടായ്മയായ ഡബ്ള്യൂ.സി.സി അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ട 2017 മുതൽ ഇതുവരെയുള്ള 5 വർഷത്തിനിടയിൽ ഒരു മാറ്റത്തിനും വഴിയൊരുങ്ങിയിട്ടില്ലെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അഞ്ജലി മേനോൻ പറഞ്ഞു. ഈ മേഖലയിലെ ലൈംഗിക ആക്രമണങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം പ്രതീക്ഷിച്ചാണ് എത്രയോ വനിതാ ചലച്ചിത്ര പ്രവർത്തകർ ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്നിൽ മണിക്കൂറുകൾ എടുത്ത് തങ്ങളുടെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞത്. എന്നാൽ ഇപ്പോൾ വഞ്ചിതരായെന്ന തോന്നലാണ് അവർക്ക് ഇപ്പോൾ.

സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ കണ്ടെത്തലുകൾ പുറത്തുവരാതിരിക്കുകയും നിർദേശങ്ങൾ നടപ്പിലാക്കാതിരിക്കുകയും ചെയ്തതോടെ സിനിമയിൽ എല്ലാം അതേപടി തുടരുകയാണ്. സാധാരണ പോലെയുള്ള ജോലിസ്ഥലത്ത് സ്ത്രീ സുരക്ഷാ ഉറപ്പു വരുത്താനുള്ള നിയമം ഇപ്പോഴും മലയാള ചലച്ചിത്ര മേഖലയിൽ നടപ്പാക്കിയിട്ടില്ല. സ്ത്രീകളുടെ രക്ഷയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ പുതുതലമുറ സംവിധായകരുടെ പിന്തുണ പോലും കിട്ടുന്നില്ല. കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പുതിയ അന്വേഷണം പ്രതീക്ഷ നല്‍കുന്നതാണെന്നും അഞ്ജലി കൂട്ടിച്ചേർത്തു.