ചെന്നൈയിനെതിരെ ജയം; ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്

single-img
23 December 2021

നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ചെന്നൈയിന്‍ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയാണ് ഈ ജൈത്രയാത്ര. ഇന്നലത്തെ ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്താനും മഞ്ഞപ്പടയ്ക്കായി.

ഇന്നലെ പെരേര ഡയാസ്, സഹല്‍ അബ്ദുള്‍ സമദ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തത്. നേരത്തെ നേടിയ മുംബൈ സിറ്റി എഫ് സിക്കെതിരായ വിജയത്തിന്റെ മുഴുവന്‍ ആത്മവിശ്വാസവും ബ്ലാസ്റ്റേഴ്സിന്റെ കളിയിലുണ്ടായിരുന്നു.

ടീമിനായി ആല്‍വാരോ വാസ്ക്വസും പെരേരയും നേതൃത്വം നല്‍കിയ മുന്നേറ്റ നിരയ്ക്ക് ആദ്യ ഗോള്‍ കണ്ടെത്താന്‍ വേണ്ടി വന്നത് വെറുംപത്ത് മിനിറ്റുകള്‍ മാത്രമായിരുന്നു. ലാൽതതംഗ ഖൗൾഹിങ്ങിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു പെരേര തന്റെ ലക്ഷ്യം കണ്ടത്.