രാജ്യ വിരുദ്ധ പ്രചാരണങ്ങളും വ്യാജ വാര്‍ത്തകളും; 20 യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ

single-img
21 December 2021

രാജ്യത്തെ 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്സൈറ്റുകളും നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. പാകിസ്താനുമായി ബന്ധമുള്ളവയാണ് നിരോധനത്തിൽ വരുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയുടെ ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി എന്നാണ് വിശദീകരണം. ഇവർ ഇന്റര്‍നെറ്റില്‍ രാജ്യ വിരുദ്ധ പ്രചാരണങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചതിനാണ് ഇത്തരത്തിലൊരു നീക്കമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

നിരോധനത്തിൽ ഉൾപ്പെട്ട യൂടൂബ് ചാനലുകള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും സെന്‍സിറ്റിവും വസ്തുതാ വിരുദ്ധവുമാണെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. കശ്മീര്‍ വിഷയം, ഇന്ത്യന്‍ സൈന്യം , രാജ്യത്തെ ന്യൂനപക്ഷ സമൂഹം, രാമക്ഷേത്രം, ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങള്‍ ഈ ചാനലുകളും സൈറ്റുകളും പ്രചരിപ്പിച്ചിരുന്നെന്നും മന്ത്രാലയം അറിയിപ്പിൽ പറയുന്നു.