ടോണി ചമണി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കീഴടങ്ങി

single-img
8 November 2021

കൊച്ചി ഇടപ്പള്ളി ദേശീയ പാതയിൽ ഇന്ധനവില വർധനയ്ക്ക് എതിരായ വഴിതടയൽ സമരത്തിനിടെ നടൻ ജോജു ജോർജിന്‍റെ കാർ ആക്രമിച്ച സംഭവത്തിൽ ടോണി ചമണിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ കീഴടങ്ങി.

പ്രവർത്തകർ ഒരുമിച്ചു പ്രകടനമായി മര‌ട് പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയും പോലീസ് സ്റ്റേഷനിലേക്ക് പ്രവേശിക്കും മുൻപ് ഇവ‍ർ ജോജു ജോർജിൻ്റെ കോലം കത്തിക്കുകയും ചെയ്തു. കൊച്ചി നഗരസഭയുടെ മുൻമേയറായ ടോണി ചമണിയോടൊപ്പം യൂത്ത് കോൺ​ഗ്രസ് നേതാവ് സിഐ ഷാജഹൻ അടക്കം അഞ്ച് പേരാണ് ഇന്ന് പോലീസിൽ കീഴടങ്ങിയത്.

ഇവർക്കൊപ്പം എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസും സ്ഥലത്തുണ്ടായിരുന്നു. അതേസമയം, തങ്ങളുടെ വനിതാ നേതാക്കൾ നൽകിയ പരാതിയിൽ ഇതുവരെ ജോജു ജോ‍ർജിനെതിരെ പൊലീസ് കേസെടുക്കാത്തതിനെതിരെ അതിരൂക്ഷ വിമ‍ർശനമാണ് നേതാക്കൾ നടത്തിയത്.
വ്യാജപരാതിയിലാണ് തനിക്കെതിരെ പൊലീസ് കേസെടുത്തതെന്ന് കീഴടങ്ങും മുൻപ് ടോണി ചമണി പറഞ്ഞു. നിയമപരമായും രാഷ്ട്രീയമായും ഈ നീക്കത്തെ പ്രതിരോധിക്കും.

പൊലീസിനേയും പൊതുജനങ്ങളേയും മുൻകൂട്ടി അറിയിച്ച ശേഷമാണ് കൊച്ചിയിലെ വഴിതടയൽ സമരം നടത്തിയത്. അതീവ ഗൌരവമുള്ള വിഷയമായതിനാലാണ് കടുത്ത സമരനടപടികളിലേക്ക് നീങ്ങിയത്. എന്നാൽ സമരത്തെ അലങ്കോലപ്പെടുത്താൻ ജോജു ശ്രമിച്ചു ഇതോടെയാണ് പ്രവ‍ർത്തകർ പ്രകോപിതരാവുന്ന അവസ്ഥയുണ്ടായത്. – അദ്ദേഹം പറഞ്ഞു.