നയാപൈസയുടെ ഇളവ് നല്കാത്ത പിണറായി സർക്കാരിനെ പ്രക്ഷോഭങ്ങൾകൊണ്ട് മുട്ടുകുത്തിക്കും: കെ സുധാകരൻ

single-img
5 November 2021

ശക്തമായ ജനരോഷത്താലും കോൺഗ്രസിന്റെ രാജ്യവ്യാപകമായ പ്രക്ഷോഭത്തെ തുടർന്നും ഇന്ധനനികുതിയിൽ കേന്ദ്രസർക്കാർ നേരിയ ഇളവ് വരുത്തിയെങ്കിലും കേരളത്തിലെ ജനങ്ങൾക്ക് നയാപൈസയുടെ ഇളവ് നല്കാത്ത പിണറായി സർക്കാരിനെ പ്രക്ഷോഭങ്ങൾകൊണ്ടും ജനകീയ സമരങ്ങൾകൊണ്ടും മുട്ടുകുത്തിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.

കേരളത്തിലെ ഇന്ധനനികുതി കുറയ്ക്കുന്നതുവരെ അരങ്ങേറാൻ പോകുന്ന സമരപരമ്പരകൾ മൂലം പിണറായി സർക്കാരിന് ഇനി ഉറക്കമില്ലാത്ത രാവുകളാണ് വരാൻ പോകുന്നത്. ഇന്ധന വിലവർധനവിനെ തുടർന്ന് 2016-21 കാലയളവിൽ പിണറായി സർക്കാർ അധിക നികുതിയിനത്തിൽ മാത്രം 2190 കോടി രൂപ പിഴിഞ്ഞെടുത്തിട്ടാണ് കോവിഡ് കാലത്ത് ജനങ്ങൾ മഹാദുരിതങ്ങളിൽക്കൂടി കടന്നുപോകുമ്പോൾ നയാപൈസയുടെ ഇളവ് അനുവദിക്കാതിരിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

അടുത്ത കാലത്തായി 18,355 കോടിരൂപയാണ് ഇന്ധനനികുതിയിനത്തിൽ പിണറായി സർക്കാരിനു ലഭിച്ചത്. മോദി സർക്കാർ ഇന്ധനവിലയും നികുതിയും കുത്തനേ കൂട്ടിയപ്പോൾ അതിനോടൊപ്പം സംസ്ഥാന നികുതി കൂട്ടിയും കേന്ദ്രത്തിന്റെ കൊള്ളമുതലിൽ പങ്കുപറ്റിയുമാണ് സംസ്ഥാന സർക്കാർ ഇത്രയും തുക പോക്കറ്റിലാക്കിയത്. കൊള്ളമുതലിൽ നിന്ന് നയാപൈസ പാവപ്പെട്ടവർക്കു നല്കാൻ കഴിയാത്ത വിധം പിണറായിയുടെ ഹൃദയം കഠിനമായിരിക്കുന്നു. അധികാരം ഇവരെ മത്തുപിടിപ്പിച്ചിരിക്കുകയാണ്. ഹെലിക്കോപ്റ്റർ വാങ്ങാനും കൊലയാളികൾക്കുവേണ്ടിയും പാർട്ടിക്കാർക്കുവേണ്ടിയും ഖജനാവിൽ നിന്ന് കോടാനുകോടി ചെലവഴിക്കുമ്പോഴാണ് ജനങ്ങളെ പുറംകാൽ കൊണ്ടു തൊഴിക്കുന്ന സമീപനം സ്വീകരിച്ചിരിക്കുന്നതെന്നും സുധാകരൻ പറയുന്നു.

ജനങ്ങൾ ഇവരെ പുറംകാൽ കൊണ്ട് തോണ്ടിയെറിയുന്നത് സമീപ ഭാവിയിൽ കേരളം കാണുമെന്ന് സുധാകരൻ പറഞ്ഞു. കോവിഡിനെ തുടർന്ന് വരുമാനം നഷ്ടമായി തീ തിന്നുകഴിയുന്ന ജനതയ്ക്ക് തെല്ലെങ്കിലും ആശ്വാസം നൽകാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ട്. ഇന്ധനവില വർധനവിനെതിരെ തുടർച്ചയായ സമരങ്ങളും ഹർത്താലുകളും നടത്തിയ സിപിഎമ്മാണ് നികുതി കുറയ്ക്കണ്ടെന്ന് സംസ്ഥാന സർക്കാരിനെ ഉപദേശിക്കുന്നത്. ഇതിൽ നിന്ന് തന്നെ ജനങ്ങളോടുള്ള സിപിഎമ്മിന്റെ ആത്മാർത്ഥത ഇല്ലായ്മ വ്യക്തമാണെന്നും സുധാകരൻ പറഞ്ഞു.

2014- 15ൽ മോദിസർക്കാരിന്റെ കാലത്ത് ഇന്ധനനികുതിയിനനത്തിൽ 72,000 കോടി രൂപയാണു ലഭിച്ചതെങ്കിൽ 2020-21 കാലയളവിൽ 3.50 ലക്ഷം കോടിയാണ് കേന്ദ്രത്തിനു ലഭിച്ചത്. രാജ്യം കോവിഡ് കാലത്ത് കണ്ട ഏറ്റവും വലിയ കൊള്ളയായിരുന്നു ഇത്. ക്രൂഡ് ഓയിൽ വില താഴ്ന്നു നിന്നപ്പോൾ കേന്ദ്ര പെട്രോൾ നികുതി 9.48 രൂപയായിരുന്നത് 32.9 രൂപയും ഡീസൽ നികുതി 3.56 രൂപയായിരുന്നത് 31.8 രൂപയുമാക്കിയാണ് ജനങ്ങളെ വീർപ്പുമുട്ടിച്ചത്. ഉപതെരഞ്ഞുപ്പുകളിലെ തോൽവി മൂലം ഇതിൽ നിന്നാണ് നക്കാപ്പിച്ച സമാശ്വാസം നല്കാൻ കേന്ദ്രം തയാറായത്. ജനങ്ങൾക്ക് കാര്യമായ പ്രയോജനം കിട്ടുന്ന രീതിയിൽ നികുതിയിളവ് നല്കാൻ കേന്ദ്രം തയാറാകണമെന്നു സുധാകരൻ ആവശ്യപ്പെട്ടു.