കളക്ഷന്‍ തുകയായി ലഭിച്ച 31 ലക്ഷം രൂപയുമായി ബെവ്‌കോ ജീവനക്കാരന്‍ മുങ്ങി

single-img
26 October 2021

പാലക്കാട് കാഞ്ഞിരപ്പുഴയിലെ ബിവറേജസ് ഔട്ട്‌ലെറ്റിലെ കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി. ഇവിടുത്തെ മദ്യവിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരൻ ഗിരീഷാണ് കടന്നു കളഞ്ഞത്. നാല് ദിവസത്തെ കളക്ഷൻ തുകയായ മുപ്പത്തൊന്നേകാൽ ലക്ഷം രൂപയാണ് ഇയാളുടെ കയ്യിലുള്ളത്.

സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആലത്തൂർ സ്വദേശിയാണ് ഗിരീഷ്. ഒക്ടോബർ 21 മുതൽ 24 വരെയുള്ള നാല് ദിവസത്തെ കളക്ഷൻ തുകയുമായാണ് ഇയാൾ മുങ്ങിയത് . ബാങ്ക് അവധിയായതിനാലാണ് പണം അടക്കാൻ കഴിഞ്ഞിരുന്നില്ല.

ഇവിടുത്തെ ഷോപ്പ് മാനേജർ ഈ പണം ചിറക്കൽപ്പടിയിലെ എസ്ബിഐ ശാഖയിൽ അടക്കാനായി കൊടുത്തുവിടുകയായിരുന്നു. ഇയാൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും പണവുമായി താൻ പോവുകയാണെന്നും വ്യക്തമാക്കിയുള്ള സന്ദേശം ഷോപ്പ് മാനേജർക്ക് ​ഗിരീഷ് അയക്കുകയും ചെയ്തു.

ഇതിന്റെ അടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചതിൻറെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. പാലക്കാട്ടെ വാളയാർ അതിർത്തിയിലാണ് ഗിരീഷിന്റെ അവസാനത്തെ ടവർ ലൊക്കേഷൻ കണ്ടെത്തിയത്. അതിനുശേഷം ഫോൺ സ്വിച്ച്‌ ഓഫാണ്.