കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചന; സി പി ഐ മുന്നോട്ട് തന്നെ: ഡി രാജ

single-img
28 September 2021

സിപിഐയുടെ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന കനയ്യ കുമാര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്നും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് രാജിയെന്നും ഡി രാജ പ്രതികരിച്ചു. ആളുകള്‍ വരികയും വഞ്ചിച്ചു പോവുകയും ചെയ്യുംഎന്നാല്‍ സിപിഐ മുന്നോട്ട് തന്നെ പോവുമെന്നും രാജ പറഞ്ഞു.

ഇന്ന് വൈകിട്ട് ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് കനയ്യ കുമാറും ഗുജറാത്തില്‍ നിന്നുള്ള സ്വതന്ത്ര എം എല്‍ എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

കനയ്യ 2019 ലോക് സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സി പി ഐയുമായി അകല്‍ച്ചയിലായിരുന്നു. തെരഞ്ഞെടുപ്പില്‍ നടത്തിയ ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലാണ് കനയ്യകുമാര്‍ സി പി ഐയുമായി ഇടഞ്ഞത്.