കേരളത്തിലെ നിപ വ്യാപനം തീവ്രമാകാനിടയില്ലെന്ന് കേന്ദ്രസംഘം

single-img
6 September 2021

കേരളത്തില്‍ ഇപ്പോള്‍ സ്ഥിരീകരിച്ച നിപ വ്യാപനം വീണ്ടും തീവ്രമാകാനിടയില്ലെന്ന് കേന്ദ്ര സംഘത്തിൻ്റെ പ്രാഥമിക നിഗമനം. സംസ്ഥാനം ഇപ്പോഴും കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗനിയന്ത്രണം സാധ്യമാണ്. ആവശ്യമാണെങ്കില്‍ കൂടുതൽ വിദഗ്ധര്‍ കേരളത്തിലെത്തും.

നിലവിലെ നിപ സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുന്‍പാണ്. ഈ കുട്ടിക്ക് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പക‍ർന്നതാണോയെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാന്‍ അധികൃതർക്കായിട്ടില്ല.

ഈ കാര്യത്തില്‍ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവർത്തനങ്ങളില്‍ നിർണായകമാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പഴൂരിൽ മൃഗസംരക്ഷണ വകുപ്പ് അധികൃതർ ഇന്ന് പരിശോധന നടത്തും. മരിച്ച കുട്ടിയുടെ വീട്ടിൽ എത്തി നേരത്തെ അസുഖം ബാധിച്ച ആടിനെ പരിശോധിക്കുകയും സാമ്പിള്‍ ശേഖരിക്കുകയും ചെയ്യും. പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്ന കാര്യവും പരിശോധിക്കും.