ഗ്രൂപ്പുകൾ ഇല്ലാതാക്കിയെന്ന പേരിൽ പുതിയ ഗ്രൂപ്പിന് രൂപം നല്‍കാന്‍ ശ്രമം; കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന് പരാതി നല്‍കി

single-img
14 August 2021

കേരളത്തിലെ ഡിസിസികളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ അതൃപ്തി വര്‍ദ്ധിക്കുന്നു. തന്നോട് കൂടിയാലോചന നടത്തിയില്ല എന്നും ചർച്ചകളിൽ നിന്നും മാറ്റിനിർത്തിയെന്നാരോപിച്ച് കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും ഒപ്പം രംഗത്തുണ്ട്.


സംസ്ഥാനത്തെ ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാ പട്ടിക ഉണ്ടാക്കിയപ്പോൾ കൂടിയാലോചന ഉണ്ടായില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടേയും പരാതി. നിലവില്‍ മൂവരും തങ്ങളുടെ പരാതി കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

​സംസ്ഥാനത്തെ ഡിസിസി അധ്യക്ഷന്മാരുടെ ചുരുക്കപ്പട്ടികയ്ക്ക് അന്തിമ രൂപം നൽകുമ്പോൾ ഡൽഹിയിൽ നടന്ന യോഗത്തിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നില്ല. രൂപം നല്‍കുന്ന ഘട്ടത്തിലൊന്നും എ, ഐ ഗ്രൂപ്പുകാരുടെ അഭിപ്രായം തേടിയിരുന്നില്ല. തങ്ങളോടു ആവശ്യമായ കൂടിയാലോചന ഇല്ലാതെയാണ് ഡിസിസി പ്രസിഡന്റുമാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയതെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും താരിഖ് അൻവറിനോട് പരാതി പറയുകയും ചെയ്തു.

ഇതോടൊപ്പം തന്നെ കേരളത്തില്‍ ഗ്രൂപ്പുകൾ ഇല്ലാതാക്കിയെന്ന പേരിൽ പുതിയ ഗ്രൂപ്പിന് രൂപം നൽകാനാണ് ശ്രമിക്കുന്നതെന്ന് മുതിർന്ന നേതാക്കൾ പരാതിയില്‍ പറയുന്നു.തന്നെ ചർച്ചയ്ക്കായി വിളിച്ച കെ സുധാകരനോട് മുല്ലപ്പള്ളി രാമചന്ദ്രൻ തട്ടിക്കയറിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.