പൃഥ്വിരാജ് പ്രകടിപ്പിച്ചത് നമ്മുടെ സമൂഹത്തിന്റെ വികാരമാണ്: മുഖ്യമന്ത്രി

single-img
29 May 2021

ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി അഡ്മിനിസ്ട്രേറ്ററുടെ നിലപാടുകളോടുള്ള അതൃപ്തി പ്രകടമാക്കിയ നടന്‍ പൃഥ്വിരാജ് നേരിട്ട സൈബർ ആക്രമണത്തെ വിമർശിച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. പൃഥ്വിരാജിനെതിരെ നടക്കുന്നസൈബര്‍ അക്രമണത്തോട് കേരളത്തിലെ സമൂഹത്തിന് യോജിപ്പില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പൃഥ്വിരാജിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ വാര്‍ത്താ സമ്മേളനത്തില്‍ പിന്തുണയ്ക്കുകയും ചെയ്തു.

എല്ലാത്തിനോടും അസഹിഷ്ണുത കാണിക്കുക എന്ന നിലപാടാണ് സംഘപരിവാര്‍ സാധാരണയായി സ്വീകരിച്ചുവരാറുള്ളത്. പൃഥ്വിരാജിനെതിരേയും അവര്‍ അതേ അസഹിഷ്ണുത കാണിച്ചു. ഈ രീതി പിന്തുടരുന്ന സംഘപരിവാറിനോട് വിയോജിച്ച് തന്നെയാണ് നമ്മുടെ നാട് നില്‍ക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൃഥ്വിരാജ് പ്രകടിപ്പിച്ചത് നമ്മുടെ സമൂഹത്തിന്റെ വികാരമാണെന്നും കേരളത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തന്റെ അഭിപ്രായം ശരിയായ രീതിയില്‍ പൃഥ്വിരാജ് പ്രകടിപ്പിച്ചു. സമാനമായ കാര്യങ്ങളില്‍ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ടുവരാന്‍ സന്നദ്ധമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.