ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി; കര്‍ശന സുരക്ഷ

single-img
17 April 2021

പശ്ചിമ ബംഗാളിലെ 45 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി. 24 പര്‍ഗാന, പൂരവ്വ ബര്‍ദ്ധമാന്‍ നാദിയ ജല്‍പാല്‍ഗുരി ഡാര്‍ജിലിംഗ്, കിളിമ്പോഗ് ജില്ലകളിലെ 15789 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ്.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയവരുടെ റാലികളും ഇന്ന് ഉണ്ടാകും. നാലാം ഘട്ടവോട്ടെടുപ്പിനിടെ വ്യാപക അക്രമം ഉണ്ടായതിനാല്‍ അതീവ ജാഗ്രതയിലാണ് വോട്ടെടുപ്പു കേന്ദ്രങ്ങള്‍. കഴിഞ്ഞ ഘട്ടത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലും വെടിവയ്പിലും നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നാലു ബൂത്തുകളിലെ പോളിംഗ് മാറ്റിവച്ചിരുന്നു.

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവശേഷിക്കുന്ന മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇത്തരമൊരു നീക്കം പരിഗണനയിലില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

ഏപ്രില്‍ 10 ന് നടന്ന നാലാംഘട്ട തെരഞ്ഞെടുപ്പില്‍ സീതാല്‍കുച്ചിയില്‍ ഉണ്ടായ വെടിവെയ്പില്‍ നാലുപേര്‍ മരിച്ചിരുന്നു. വിവിധ പ്രദേശങ്ങളില്‍ അക്രമണ സംഭവങ്ങളും അരങ്ങേറിയിരുന്നു. സംസ്ഥാനത്ത് ആറാംഘട്ടം 22നും, ഏഴാംഘട്ടം 26നും, എട്ടാംഘട്ടം 29നും നടക്കും. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം.