സംസ്ഥാനത്ത് ബാറുകളും തിയറ്ററുകളും രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിപ്പിക്കാം; ചീഫ് സെക്രട്ടറി നല്‍കിയ പ്രധാന നിര്‍ദ്ദേശങ്ങള്‍ അറിയാം

single-img
15 April 2021

കേരളത്തില്‍ ബാറുകളും തിയറ്ററുകളും ഒന്‍പത് മണി വരെ പ്രവര്‍ത്തിപ്പിക്കാമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് അറിയിച്ചു. വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കടകളും ഹോട്ടലുകളും ടേക് എവേ കൗണ്ടറുകളും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു

അതേപോലെ തന്നെ ട്യൂഷന്‍ നടത്തിപ്പ് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നടത്തണം. അത്യാവശ്യമില്ലാത്ത പരിപാടികള്‍ നീട്ടി വയ്ക്കണം. ഉത്സവങ്ങളുടെ നടത്തിപ്പിനും 150 പേരെന്ന നിബന്ധന ബാധകമാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. നേരത്തെ സംസ്ഥാനം നിയന്ത്രണങ്ങളിലൂടെ കൊവിഡ് നിരക്ക് താഴോട്ട് കൊണ്ടുവന്നിരുന്നു. അതേ രീതിയില്‍ ഇപ്പോഴും രണ്ടാഴ്ച കൊണ്ട് നിയന്ത്രിക്കാവുന്നതേയുള്ളെന്നും ലോക്ക് ഡൗണിലേക്ക് വരേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

മാധ്യമങ്ങള്‍ സംസ്ഥാനം കടന്നുപോകുന്ന സാഹചര്യത്തെ പോസ്റ്റീവ് ആയ രീതിയില്‍എടുക്കണമെന്നും കൃത്യമായ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷനായി ആളുകള്‍ സ്വയം മുന്നോട്ട് വരണം. ഒരു കോടി ഡോസ് കൂടി വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാനാകും. വെള്ളി, ശനി ദിവസങ്ങളിലായി രണ്ടര ലക്ഷം പരിശോധനകള്‍ നടത്തുമെന്നും വാക്‌സിനേഷന്‍ കാമ്പെയിനുകളും സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.