മോദിയുടെ വികസനം ഇവിടെയും എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരള ജനത: കെ സുരേന്ദ്രന്‍

single-img
2 April 2021

പ്രധാനമന്ത്രി മോദിയുടെ വികസനം ഇവിടെയുമെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരള ജനതയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാം ചോദിച്ചതിനേക്കാള്‍ കൂടുതല്‍ കേന്ദ്രം തന്നു. കേന്ദ്രത്തിൽ മോദി സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ കേരളത്തിന്‍റെ ഖജനാവ് പൂട്ടിപ്പോകുമായിരുന്നു. ജീവനക്കാർക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാനാകുമായിരുന്നില്ല. പ്രളയം വന്നപ്പോള്‍ മോദി നല്‍കിയ സഹായം കേരളാ സർക്കാർ ജനങ്ങള്‍ക്ക് നല്‍കിയില്ലെന്നും കെ സുരേന്ദ്രന്‍ കോന്നിയില്‍ നരേന്ദ്രമോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പറഞ്ഞു.

അതേപോലെ തന്നെ മോദി നല്‍കിയ സാധനങ്ങള്‍ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് വിതരണം ചെയ്യുകയാണ് കേരള സര്‍ക്കാരെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. യേശുദേവനെ പിന്നില്‍ നിന്ന് കുത്തിയ യൂദാസിന്‍റെ മനസ്സുള്ള ചില ആളുകള്‍ മോദി കോന്നിയില്‍ വരുന്നതിനെതിരെ പ്രസ്താവനയിറക്കി. അങ്ങനെയുള്ളവർ കോന്നിയിലെ ജനങ്ങളെ പിന്നില്‍ നിന്ന് കുത്തി രാഹുല്‍ ഗാന്ധി സര്‍ക്കാരില്‍ മന്ത്രിയാകാന്‍ പോയവരാണ്. ഇപ്പോള്‍ അവിടേയും ഇല്ല ഇവിടേയും ഇല്ല എന്ന അവസ്ഥയിലാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാദസ്പര്‍ശം പോലും ഇത്തരക്കാരില്‍ ഭയം ജനിപ്പിക്കുന്നു. കേരളത്തിൽ ലവ് ജിഹാദിന്‍റെ പേരില്‍ എത്രയോ അമ്മമാര്‍ നിലവിളിക്കുമ്പോഴും പിണറായിയുടെ പൊലീസ് ഭക്തരെ മര്‍ദിക്കുമ്പോഴും യൂദാസിന്‍റെയാളുകള്‍ കണ്ടില്ലെന്ന് നടിച്ചു. അവരാണിപ്പോള്‍ വിശ്വാസത്തിന്‍റെ പേര് പറയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.