പശ്ചിമബംഗാള്‍, അസം തെരഞ്ഞെടുപ്പ്: പ്രാചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

single-img
25 March 2021

അസാമിലെയും പശ്ചിമബംഗാളിലെയും ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് കൊട്ടിക്കലാശിക്കും. ബംഗാളിലെ 30 ഉം അസാമിലെ 47 ഉം മണ്ഡലങ്ങളിലെ പ്രചരണമാണ് ഇന്ന് അവസാനിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ദേശിയ സംസ്ഥാന നേതാക്കളുടെ റാലികള്‍ അടക്കമുള്ളവയാണ് അവസാന പ്രചരണ ദിവസം നടക്കുക.
ബംഗാളിലെ 30 ഉം അസാമിലെ 47 ഉം മണ്ഡലങ്ങളിലെ പ്രചാരണം ഇന്ന് വൈകിട്ട് 5 മണിയ്ക്ക് അവസാനിക്കും.

ബംഗാളിലും അസാമിലും ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കൊവിഡ് ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാകും വോട്ടിംഗ്. എല്ലാ ബൂത്തുകളിലും കേന്ദ്രസായുധ സേനയെ ഇന്നുമുതല്‍ വിന്യസിക്കും.

പ്രധാനമന്ത്രിയും മമതാ ബാനര്‍ജിയും ഇന്നും റാലികളുടെ ഭാഗമാകും. ഇന്ന് പ്രചരണം അവസാനിക്കുന്ന ബംഗാളിലെ 30 മണ്ഡലങ്ങളില്‍ 27 സീറ്റുകളും ത്യണമുള്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. അധികാരം നിലനിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസിനും അധികാരം പിടിച്ചെടുക്കാന്‍ ബിജെപിക്കും നിര്‍ണായകമാണ് ഈ സീറ്റുകളിലെ വിജയം.

അസമില്‍ ഇന്ന് പ്രചരണം അവസനിക്കുന്ന 47 മണ്ഡലങ്ങളില്‍ 27 എണ്ണം ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. ശേഷിച്ച മണ്ഡലങ്ങളില്‍ അസാംഗണപരിഷത്ത് 8 ഉം കോണ്‍ഗ്രസ് 9 ഉം എഐയുഡിഎഫ് 2 ഉം ഒരിടത്ത് സ്വതന്ത്രനും 2016 ല്‍ വിജയിച്ചു. അകെയുള്ള 126 സീറ്റുകളില്‍ 100 ല്‍ അധികം സീറ്റുകള്‍ ലക്ഷ്യമിടുന്ന ബിജെപിക്കും അധികാരം തിരിച്ച് പിടിക്കന്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് സഖ്യത്തിനും പ്രധാനപ്പെട്ടതാണ് ഈ ഘട്ടത്തിലെ മികച്ച പ്രകടനം.