ഇംഗ്ലണ്ടിന് പരാജയം; ടി20 പരമ്പര 3-2 ന് സ്വന്തമാക്കി ഇന്ത്യ

single-img
20 March 2021

ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ 3-2നു സ്വന്തമാക്കി. ഇന്ന് നടന്ന അവസാന മല്‍സരത്തില്‍ 36 റണ്‍സിന്റെ വിജയമാണ് ലോക ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ നേടിയത്. കളിയിൽ ആദ്യ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ കന്നെ ഇന്ത്യ വിജയത്തിലേക്കുള്ള ആദ്യ ചുവട് വച്ചിരുന്നു.

ടോസ് നഷ്ടമായി ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ രണ്ടു വിക്കറ്റിന് 224 റണ്‍സെന്ന താരതമ്യേന വലിയ ടോട്ടലാണ് പടുത്തുയര്‍ത്തിയത്. തുടർന്ന് എട്ടു വിക്കറ്റിന് 188 റണ്‍സുമായി ഇംഗ്ലണ്ട് മല്‍സരവും പരമ്പരയും ഇന്ത്യയ്ക്ക് മുന്നിൽ അടിയറവ് വച്ചു. സ്‌കോര്‍: ഇന്ത്യ രണ്ടിന് 224, ഇംഗ്ലണ്ട് എട്ടിന് 188.

അടുത്തതായി മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇരുടീമുകളും കളിക്കുന്നത്. വരുന്ന ചൊവ്വാഴ്ചയാണ് ആദ്യ മല്‍സരം നടക്കുക. ഇന്നത്തെ മത്സരത്തിൽ ഡേവിഡ് മലാന്‍ (68), ജോസ് ബട്‌ലര്‍ (52) എന്നിവരൊഴികെ മറ്റാരും ഇംഗ്ലീഷ് നിരയില്‍ പിടിച്ചുനിന്നില്ല.

ഇന്ത്യയ്ക്ക് വേണ്ടി ശര്‍ദ്ദുല്‍ ഠാക്കൂര്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ രണ്ടു വിക്കറ്റുകള്‍ നേടി. നാല് ഓവറുകളിൽ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഭുവി എതിരാളികളിൽ രണ്ടു പേരെ പുറത്താക്കിയത്. ഭുവി തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. അതേസമയം പരമ്പരയുടെ താരമായി കോലി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ വിരാട് കോലി (80), വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (64), ഹാര്‍ദിക് പാണ്ഡ്യ (39), സൂര്യകുമാര്‍ യാദവ് (32) എന്നിവരുടെ മികച്ച ബാറ്റിങാണ് 224 റണ്‍സെന്ന വമ്പന്‍ ടോട്ടലിലെത്തിച്ചത്.