സർക്കാരിന് വേണ്ടി പ്രചാരണം; പിആര്‍ ഏജന്‍സിക്ക് ഒന്നരക്കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്

single-img
2 March 2021

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ സർക്കാരിന് വേണ്ടി പ്രചാരണം നടത്താൻ പരസ്യകമ്പനിക്ക് ഒന്നരക്കോടി രൂപ അനുവദിച്ച് ഉത്തരവ്. സർക്കാരിന്റെ പ്രവർത്തനങ്ങൾ രാജ്യമാകെ എത്തിക്കുന്നതിനായി ഒരു പിആർ ഏജൻസിയെ കണ്ടെത്താൻ മുൻപ് ടെണ്ടർ വിളിച്ചിരുന്നെങ്കിലും തീരുമാനമായില്ലായിരുന്നു.

ഇതിനെ തുടര്‍ന്ന് രണ്ടാമത് നൽകിയ ടെണ്ടറിലൂടെയാണ് കൺ‌സപ്‌റ്റ് കമ്മ്യൂണിക്കേഷൻ എന്ന ഏജൻസിയെ സർക്കാർ തെരഞ്ഞെടുത്തത്. ഈ കമ്പനി പ്രതിഫലമായി 1,51,23,000 രൂപ ആവശ്യപ്പെട്ടു. ഈ തുകയാണ് തെരഞ്ഞെടുപ്പ് പെരുമാ‌റ്റചട്ടം നിലവിൽ വന്ന ഫെബ്രുവരി 26ന് അനുവദിച്ചുള്ള ഉത്തരവ് ഇറങ്ങിയത്. പിആര്‍ കമ്പനിക്ക് പുറമേ സോഷ്യല്‍ മീഡിയാ പ്രചാരണത്തിന് സി-ഡിറ്റിനും 13.26 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് പിആര്‍ കമ്പനിയെ തിരഞ്ഞെടുത്തത് ജനുവരി മാസത്തിലാണെന്നും അവർ പ്രവർത്തനം നേരത്തെ തന്നെ തുടങ്ങിയെന്നും പിആർഡി ഡയറക്‌ടർ ഹരികിഷോർ മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ ഇവരെ തിരഞ്ഞെടുത്ത ഉത്തരവ് സർക്കാർ നടപടിക്രമം പൂർത്തിയാക്കിയത് മാത്രമാണ് ഇപ്പോൾ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.