ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ പോലീസുകാര്‍; അന്വേഷണം ആരംഭിച്ചു

single-img
12 February 2021

സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയ പോലീസുകാരുടെ നടപടി വിവാദമാകുന്നു. എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടി അനുഭാവികളായ പോലീസുദ്യോഗസ്ഥരാണ് ചട്ടലംഘനം നടത്തിയത്.

സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിക്കുകയും സംഭവം വിവാദം ആകുകയും ചെയ്തതിനെ തുടര്‍ന്ന് വിഷയത്തില്‍ സംസ്ഥാന ഇന്‍റലിജന്‍സും, ജില്ലാ സ്പെഷല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങി. കൊച്ചി സിറ്റി കണ്‍ട്രോള്‍ റൂം എ.എസ്ഐ. ഷിബു ചെറിയാന്‍, ജില്ലാ ഹെഡ്ക്വാര്‍ട്ടേ‍ഴ്സ് എ എസ് ഐ ജോസ്ആന്‍റണി, തൃപ്പൂണിത്തുറ പോലീസ് ക്യാമ്പിലെ സി പി ഒ ദിലീപ് സദാനന്ദന്‍,കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലെ എ എസ് ഐ ബിജു, കളമശ്ശേരി ക്യാമ്പിലെ സി പി ഒ സില്‍ജന്‍ എന്നിവരാണ് രമേശ് ചെന്നിത്തലക്ക് അഭിവാദ്യമര്‍പ്പിക്കാനായി എറണാകുളം ഡി സി സി ഓഫീസിലെത്തിയത്.

സംസ്ഥാന പോലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹികൾ കൂടിയായ ഉദ്ദ്യോഗസ്ഥര്‍ രമേശ് ചെന്നിത്തലയെ ഷാളണിയിക്കുന്നതിന്‍റെയും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പം നില്‍ക്കുന്നതിന്‍റെയും ചിത്രങ്ങളും പിന്നാലെ പുറത്തുവന്നു. സര്‍ക്കാര്‍ സര്‍വീസിലെ ഉദ്യോഗസ്ഥര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് ഔദ്യോഗിക ചട്ടം. അതേസമയം, പോലീസുകാര്‍ക്കുപുറമെ കാലടി സംസ്കൃത സര്‍വ്വകലാശാല ജീവനക്കാരനും ചെന്നിത്തലയുടെ ജാഥക്ക് അഭിവാദ്യമര്‍പ്പിച്ച് ചട്ടലംഘനം നടത്തിയതിന്‍റെ വിവരവും പുറത്തുവന്നു.