കോവിഡ് പരിശോധനയുടെ റജിസ്ട്രേഷനെന്നുപറഞ്ഞെത്തി തോക്കുചൂണ്ടി മോഷണം; നടുക്കം മാറാതെ വീട്ടമ്മ

single-img
12 February 2021

അയർക്കുന്നം ചേന്നാമറ്റത്തെ റിട്ട.അധ്യാപകൻ ജോസിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പട്ടാപ്പകൽ കള്ളൻ തോക്കുചൂണ്ടി കവർച്ച നടന്നത്. തോക്കു ചൂണ്ടി കവർച്ച നടത്തിയ കള്ളന്റെ മുന്നിൽ ജോസിന്റെ ഭാര്യയായ ചേന്നാമറ്റം പുത്തൻ‌പുരയ്ക്കൽ ലിസമ്മ ജോസ് (65) നടത്തിയത് ജീവന്മരണ പോരാട്ടം. സംഭവം നടന്നിട്ടു മണിക്കൂറുകൾ കഴിയുമ്പോഴും നേരിട്ട അനുഭവം വിവരിക്കുമ്പോൾ ലിസമ്മയുടെ നടുക്കം മാറിയിരുന്നില്ല. 

ചങ്ങനാശേരിയിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ ജോസ് പോയിരുന്ന സമയത്താണ് സംഭവം. 24 പവനോളം സ്വർണവും മൊബൈൽ ഫോണും മോഷ്ടാവ് അപഹരിച്ചു.

സംഭവത്തെ കുറിച്ചു ലിസമ്മ പറയുന്നു : ‘ വീട്ടുമുറ്റത്തു നിന്നു ആരോ വിളിക്കുന്നതു കേട്ടാണ്  ഇറങ്ങി വന്നത്. ആരോഗ്യ വകുപ്പിൽ നിന്നു കോവിഡ് പരിശോധനയുടെ റജിസ്ട്രേഷനു വന്നതാണെന്നു പറഞ്ഞു. ഈ പ്രദേശത്ത് കോവിഡില്ലെന്നും റജിസ്ട്രേഷൻ ആവശ്യമില്ലെന്നും പറഞ്ഞെങ്കിലും റജിസ്ട്രേഷൻ നടത്തണമെന്നും ഫോൺ നമ്പർ വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

തുടർന്നു കൈവശമുണ്ടായിരുന്ന കുപ്പി എടുത്തു വെള്ളം ചോദിച്ചു. അകത്തു പോയി കുപ്പിയിൽ വെള്ളം നിറച്ചു നൽകി. വീണ്ടും ആവശ്യപ്പെട്ടുപ്പോൾ അതും നൽകി. ഇയാൾ തിരികെ നടന്നു പോകുന്നതു കണ്ടാണ് അടുക്കളയിലേക്ക് കയറിയത്. എന്നാൽ അടുക്കളയിലേക്കെത്തിയ ഇയാൾ കയ്യുറകൾ ധരിച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. ഓടാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ കയറി പിടിച്ചു. അവിടെ വീണുകിടന്ന എന്റെ കൈകൾ പിറകിലേക്കു കൂട്ടിക്കെട്ടി. തുടർന്നു തൂവാലയും തോർത്തും വായിലേക്കു തിരുകി. കഴുത്തിൽ കിടന്ന മാല ഊരിയെടുത്ത  ശേഷം  അലമാരയിൽ ബോക്സിൽ‌ സൂക്ഷിച്ചിരിക്കുകയായിരുന്ന സ്വർണാഭരണങ്ങളും ഡയമണ്ടും എടുത്തു.മുറിക്കുള്ളിൽ പൂട്ടിയിട്ടു കടന്നു കളയുക യായിരുന്നു.

കൈ ഏറെ നേരം ചലിപ്പിച്ചപ്പോൾ പിറകിലേക്കു കെട്ടിയിട്ടിരുന്ന കെട്ട് അയഞ്ഞ് അഴിക്കാൻ സാധിച്ചു. വായിൽ നിന്നു തുണി മാറ്റി ജനൽ തുറന്ന് അലമുറയിട്ടു. കരച്ചിൽ കേട്ടു ഭർതൃ സഹോദര ഭാര്യ അന്നമ്മ ഓടിയെത്തി. നീല പാന്റും കറുത്ത ഷർട്ടും ധരിച്ച മെലിഞ്ഞ ആളായിരുന്നു മോഷ്ടാവ് എന്നും ലിസമ്മ പറഞ്ഞു.

ഈ സംഭവത്തിൽ മോഷ്ടാവിനെ കണ്ടു പിടിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. മോഷ്ടാവിന്റെ ഭീഷണി നേരിട്ട കുടുംബം അദ്ദേഹം സന്ദർശിച്ചു വിവരങ്ങൾ നേരിട്ടു ചോദിച്ചറിഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജി നാഗമറ്റവും ഒപ്പമുണ്ടായിരുന്നു.

തുടർന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ നേതൃത്വത്തിൽ പോലീസ്സ സംഘം മോഷണം നടന്ന വീട്ന്ദ സന്ദർശിക്കുകയൂം പോലീസ് 2 ടീമുകളായി തിരിഞ്ഞ് അന്വേഷണം ഊർജിതമായി നടന്നു വരികയാണെന്നു എസ്എച്ച്ഒ ജസ്റ്റിൻ ജോൺ പറഞ്ഞു. മോഷണം നടന്ന സ്ഥലത്ത് സിസി ടിവി ക്യാമറകളുടെ അഭാവമുള്ളതിനാൽ വിവിധ സ്ഥലങ്ങളിലെ സിസി ടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചും അന്വേഷണം പുരോഗമിക്കുന്നു.